തിരുവല്ല : യുവതലമുറയിലെ ലഹരിഉപയോഗവും ,വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ തിരുവല്ലയിൽ ആന്റി ഡ്രഗ് മാരത്തൺ (ജനകീയ കൂട്ടയോട്ടം) സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 13 ന് വൈകുന്നേരം 4ന് എം.സി.റോഡിൽ രാമൻചിറ ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാരത്തൺ നഗരം ചുറ്റി തിരുവല്ല സ്വകാര്യ ബസ് സ്റ്റാഡിനു സമീപം സമാപിക്കും.
തിരുവല്ല പൗരാവലിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ജനകീയ കൂട്ടായ്മയിൽ സാമൂഹിക,സാംസ്കാരിക, സമുദായിക,രാഷ്ട്രീയ സംഘടനകൾ, സ്കൂൾ കോളേജ് വിദ്യാർഥികൾ, ആശുപത്രികൾ, വ്യാപാര സംഘടനകൾ,മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർ പങ്കെടുക്കും.
ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി തിരുവല്ലയുടെ വിവിധ സ്ഥലങ്ങളിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബുകൾ നടത്തും. ഇതിൻ്റെ ഭാഗമായി ഇരുവള്ളിപ്ര സെന്റ് തോമസ് സ്കൂൾ വിദ്യാർത്ഥികൾ തിരുമൂലപുരം ജംഗ്ഷനിലും, മാക്ഫാസ്റ്റ് കോളേജ് വിദ്യാർത്ഥികൾ കെഎസ്ആർടിസി ജംഗ്ഷനിലും ഫ്ലാഷ്മോബുകൾ നടത്തി.
12.ന് വൈകുന്നേരം 4 ന് പുഷ്പഗിരി മെഡിക്കൽ കോളേജ് തിരുവല്ല സ്വകാര്യ ബസ് സ്റ്റാൻഡിലും, തുടർന്നുള്ള ദിവസങ്ങളിൽ ബിലീവേഴ്സ് മെഡിക്കൽ കോളേജ് കാവുംഭാഗത്തും, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മുത്തൂരിലും ഫ്ലാഷ് മോബുകൾ നടത്തും

തുടർ പദ്ധതിയായി ലഹരിയിൽ നിന്നുമുള്ള മോചനത്തിനായി, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ,കൗൺസിലിങ്, മെഡിക്കൽ ടീം,വിദ്യാഭാസ സ്ഥാപനങ്ങളിൽ കുട്ടികളുമായും, അധ്യാപകരുമായും ചർച്ചകൾ, സെമിനാറുകൾ തുടങ്ങി വിവിധ ആക്ഷൻ പ്ലാനുകൾക്കു തുടക്കം കുറിക്കും.
പത്തനംതിട്ട എം. പി ആന്റോ ആന്റണി, എം എൽ എ അഡ്വ. മാത്യു ടി തോമസ് എന്നിവർ മുഖ്യരക്ഷധികാരികൾ ആയും ഡി.വൈ.എസ്.പി എസ്.ആഷാദ് ചെയർമാൻ ആയും 51 പേർ അടങ്ങുന്ന വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം നൽകും .
തിരുവല്ല ഡി.വൈ.എസ്.പി.എസ്.ആഷാദ്, നഗരസഭ മുൻ ചെയർമാൻ ആർ.ജയകുമാർ, സി.പി.എം ഏരിയാ സെക്രട്ടറി ബിനിൽകുമാർ , വൈ.എം.സി.എ.സെക്രട്ടറി ജോയി ജോൺ, സജി ഏബ്രഹാം ,വിനോദ് തിരുമൂലപുരം, സിബി തോമസ്, വിജയകുമാർ മണിപ്പുഴ, അഡ്വ.ലിജോ മത്തായി, ശ്രീനിവാസ് പുറയാറ്റ്, പി.അനീർ, ഷാജി തിരുവല്ല, ക്ലാരമ്മ. കൊച്ചിപ്പൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
കൂട്ടയോട്ടത്തിൻ്റെ ഭാഗമായിട്ടുള്ള ലോഗോയുടെ പ്രകാശനം വൈഎം.സി.എയിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസി നിർവ്വഹിച്ചു.