ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം

അണക്കര (ഇടുക്കി) : ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർഥിക്ക് സഹപാഠികളുടെ അതിക്രൂര മർദ്ദനം.

ഇടുക്കി അണക്കര സ്വദേശിയായ പത്തൊൻപതുകാരനാണ് ദുരനുഭവം ഉണ്ടായത്.

വിദ്യാർത്ഥിയുടെ ജനനേന്ദ്രിയത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. വലത് വൃഷണം അടിയന്തര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നിലവില്‍ വിദ്യാർഥി കോട്ടയം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് സർവീസിങ് കോഴ്സിന് പഠിക്കുന്ന വിദ്യാർഥിയാണ് പൈശാചികമായ ആക്രമണത്തിന് ഇരയായത്. പ്രദേശത്തെ ഒരു വാടകവീട്ടിലാണ് വിദ്യാർഥികള്‍ ഒരുമിച്ച്‌ താമസിച്ചിരുന്നത്.

ഇവിടെ താമസിക്കുന്ന ചില വിദ്യാർഥികള്‍ മുറികളില്‍ സ്ഥിരമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് അണക്കര സ്വദേശിയായ വിദ്യാർഥി കാണുകയും, ഇക്കാര്യം മറ്റ് സുഹൃത്തുക്കളെയും സ്ഥാപനത്തിലെ അധ്യാപകരെയും അറിയിക്കുകയും ചെയ്തു.

വിവരം അധ്യാപകരെ അറിയിച്ചതിലുള്ള പ്രതികാരമായി പ്രതികള്‍ വിദ്യാർഥിയുടെ മുറിയില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് വിദ്യാർഥിയെ താഴെ വീഴ്ത്തി നെഞ്ചിലും ജനനേന്ദ്രിയത്തിലും തുടർച്ചയായി ചവിട്ടുകയും അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. അടിയേറ്റ ഭാഗത്ത് ആന്തരിക രക്തസ്രാവവും കടുത്ത പരിക്കുമുണ്ടായതിനെ തുടർന്ന് വിദ്യാർഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയില്‍ വലത് വൃഷണത്തിന് ഗുരുതരമായ തകരാറ് സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തത്.

സംഭവത്തില്‍ തൊടുപുഴ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കേസില്‍ ഉള്‍പ്പെട്ട പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!