തിരുവനന്തപുരം : കേരളത്തിൽ ഏറ്റവും കൂടുതൽകാലം തുടർച്ചയായി മന്ത്രിസ്ഥാനത്ത് ഇരുന്നതിന്റെ റെക്കോർഡ് ഇനി എ കെ ശശീന്ദ്രന്. തുടർച്ചയായി 2364 ദിവസം (6 വർഷം 5 മാസം 22 ദിവസം) മന്ത്രിയാണ് ശശീന്ദ്രൻ.മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പാർട്ടിയും ഇടതുമുന്നണിയുമാണ് മന്ത്രി പദത്തിൽ നീണ്ട നാൾ തുടരാൻ അവസരം ഒരുക്കിയതെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.
രണ്ടാം അച്യുതമേനോൻ സർക്കാരിലെ ബേബി ജോൺ, കെ അവുക്കാദർകുട്ടി നഹ, എൻ കെ ബാലകൃഷ്ണൻ (മൂവരും 1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) എന്നിവർക്കൊപ്പമായി ഇന്നു (2024 ജൂലൈ 23) ശശീന്ദ്രൻ. നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ 306 ദിവസം മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാളാണ് ശശീന്ദ്രൻ.തുടർച്ചയായി 2065 ദിവസം മന്ത്രിയായ കെ കൃഷ്ണൻകുട്ടിക്കാണ് തൊട്ടു പിന്നിൽ.