എസ്എന്‍ഡിപിയെ ചുവപ്പോ കാവിയോ മൂടാന്‍ ആരെയും സമ്മതിക്കില്ല; ഇടതുപക്ഷം തോറ്റത് സാധാരണക്കാരെ മറന്നതുകൊണ്ട് : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എന്‍ഡിപിയെ ചുവപ്പോ കാവിയോ മൂടാന്‍ ആരെയും സമ്മതിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ഇടതുപക്ഷം പരാജയപ്പെട്ടതിനു കാരണം അവര്‍ സാധാരണക്കാരെ മറന്നുപോയി എന്നതുകൊണ്ടാണ്. അത് സാധാരണ പാർട്ടി പ്രവർത്തകർക്കറിയാം. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരെ തഴയുകയാണ് ചെയ്യുന്നത്. എസ്എന്‍ഡിപിയുടെ മൂല്യം എംവി ഗോവിന്ദന്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്എൻഡിപി പ്രസക്തമെന്ന് ഗോവിന്ദൻ മാഷിന് മനസ്സിലായെങ്കിൽ സന്തോഷമുണ്ട്. അതുകൊണ്ടാണല്ലോ വിമർശനം ഉണ്ടാവുന്നത്. ഈഴവ സമുദായത്തിൽ നിന്ന് വോട്ട് ചോർന്നത് ശരിയാണ്. എന്തുകൊണ്ടാണെന്ന് നോക്കി തിരുത്തണമെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. പിണറായിയുടെ നാടായ വടക്ക് ഇടതുപക്ഷത്തിന് വോട്ടു കിട്ടാതിരുന്നത് എന്തുകൊണ്ടാണ്?. എസ്ഡിപിഐക്കാർ മുതൽ സിപിഎമ്മുകാർ വരെ എസ് എൻഡിപിയിലുണ്ട്. ഇത് സമുദായപ്രസ്ഥാനമാണ്.

സത്യം പറയുമ്പോൾ താൻ സംഘപരിവാർ ആണെന്ന് പറയരുതെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ വിഷയങ്ങൾ പറയുമ്പോൾ തന്നെ കാവിവത്കരിക്കുകയാണ് ചെയ്യുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് താൻ എതിരായിരുന്നു. കോടതി ഉത്തരവ് നിരാശാജനകമെന്ന് പറഞ്ഞു. എന്നാൽ തെരുവുയുദ്ധത്തിന് പോകരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അന്ന് ബിജെപി തന്നെ കമ്മ്യൂണിസ്റ്റാക്കി.

മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ എന്തെല്ലാം ചെയ്തു. എന്തെങ്കിലും കിട്ടിയോ?. എവിടെയും മുസ്ലിങ്ങളെ പേടിച്ചാണ് ജനങ്ങൾ ജീവിക്കുന്നത്. മസിൽ പവറും മണിപവറും മാൻപവറും മുസ്ലിം സമുദായത്തിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു. അതാണ് ക്രിസ്റ്റ്യാനികൾ ബിജെപിക്ക് വോട്ട് ചെയ്തത്. ഇടതുപക്ഷ മനോഭാവമാണ് എന്നും തനിക്കുള്ളത്. ഗോവിന്ദനും താനും തമ്മിൽ ഒരു തർക്കവുമില്ല. എന്റെ കുടുംബത്തെ നന്നാക്കാൻ ആരും നോക്കേണ്ട. നിലപാടിൽ നിന്ന് മാറില്ല. കാലഘട്ടം മാറുമ്പോൾ ശൈലി മാറണം. ആരോടും വിരോധവും വിധേയത്വവും ഇല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പരാജയത്തിൻ്റെ കാരണം അണികൾക്കറിയാം. ഏറ്റവും നല്ല ടീച്ചറ് ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. കെ സുധാകരന് പോലും ഇത്രയും ഭൂരിപക്ഷം വോട്ടു കിട്ടിയത് വിശ്വസിക്കാനായില്ല. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് എല്ലാക്കാര്യവും പുറത്ത് പറയാനാകില്ല. തെരഞ്ഞെടുപ്പ് തോൽവി സാധാരണക്കാരനെ മറന്നതിന്റെ ഫലമാണ്. സാധാരണക്കാരന് വേണ്ട ഒരിടങ്ങളിലും ഒന്നുമില്ല. മാവേലി സ്റ്റോറുകളിൽ പാറ്റ കേറിയിറങ്ങുകയാണ്. പാറ്റയ്ക്ക് പോലും കഴിക്കാൻ അവിടെ ഒന്നുമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!