മുംബൈ: ബിസ്‌ലേരി പാക്കേജ്ഡ് കുടിവെള്ളം സുരക്ഷിതമാണെന്ന് കമ്പനി. കുടിവെള്ളത്തില്‍ അനുവദനീയമായതിലും കൂടുതല്‍ ബ്രോമേറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്ര ലബോറട്ടറി പരിശോധനകളില്‍ വെള്ളത്തിലെ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയതായി കമ്പനി വിശദീകരിച്ചത്.
തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ബിസ്‌ലേരി ഇക്കാര്യം വ്യക്തമാക്കിയത്. 2025 സെപ്റ്റംബറില്‍ ഗോവയിലെ നിര്‍മാണശാലയില്‍ ഉത്പാദിപ്പിച്ച ഒരു ബാച്ചുമായി ബന്ധപ്പെട്ടാണ് നിലവിലെ വിവാദമെന്നും കമ്പനി അറിയിച്ചു. വിഷയത്തില്‍ എഫ്എസ്എസ്എഐയുമായി സഹകരിക്കുമെന്നും ഉചിതമായ നിയന്ത്രണ നടപടികളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
2025 സെപ്റ്റംബര്‍ 30ന് ഗോവയിലെ നിര്‍മാണശാലയില്‍ നിന്ന് എഫ്എസ്എസ്എഐ ആറ് സാംപിളുകളാണ് ശേഖരിച്ചത്. ഇതില്‍ അഞ്ച് സാംപിളുകളും നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരുന്നുവെന്ന് ബിസ്‌ലേരി പറയുന്നു.
എന്നാല്‍ ആറാമത്തെ സാംപിളില്‍ ഒരു ലിറ്ററില്‍ 12 മൈക്രോഗ്രാം ബ്രോമേറ്റ് കണ്ടെത്തി. അനുവദനീയമായ പരമാവധി അളവ് 10 മൈക്രോഗ്രാമാണ്.
തുടര്‍ന്ന് പരിശോധനാ ഫലത്തിനെതിരെ 2025 നവംബര്‍ 22ന് കമ്പനി അപ്പീല്‍ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സാംപിള്‍ വീണ്ടും പരിശോധിക്കുന്നതിനായി റഫറല്‍ ലബോറട്ടറിയിലേക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയെ ങ്കിലും പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ (PAHs) സാന്നിധ്യം കണ്ടെത്തിയതായും കമ്പനി അറിയിച്ചു.
പരിശോധനാ ഫലങ്ങളിലെ ഈ വ്യത്യാസം കൂടുതല്‍ വ്യക്തത ആവശ്യപ്പെടുന്നതാണെ ന്നായിരുന്നു ബിസ്‌ലേരിയുടെ നിലപാട്. തുടര്‍ന്ന് അതേ സാമ്പിള്‍ എഫ്എസ്എസ്എഐ അംഗീകാരമുള്ള മറ്റൊരു സ്വതന്ത്ര ലബോറട്ടറിയിലും പരിശോധിച്ചു. ഇവിടെയും ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്ന് കണ്ടെത്തിയതായി കമ്പനി അവകാശപ്പെട്ടു.
സ്വതന്ത്ര ലാബിലെ പരിശോധനാ ഫലങ്ങള്‍ 2026 ഫെബ്രുവരി രണ്ടിന് ഔദ്യോഗിക കത്തിലൂടെ എഫ്എസ്എസ്എഐയുടെ വെസ്റ്റേണ്‍ റീജിയണല്‍ ഓഫീസിന് കൈമാറിയതായി ബിസ്‌ലേരി വ്യക്തമാക്കി. എന്നാല്‍ ഇതിന് ശേഷം അധികൃതരില്‍ നിന്ന് കൂടുതല്‍ അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നും വിഷയം അവസാനിച്ചതാ യാണ് കരുതിയിരുന്നതെന്നും കമ്പനി പറയുന്നു.
പ്രോസിക്യൂഷന്‍ നടപടികളുമായി ബന്ധപ്പെട്ട അറിയിപ്പ് ഇ-മെയില്‍ വഴിയോ നേരിട്ടോ ഇതുവരെ ലഭിച്ചിട്ടില്ലെന്നും എഫ്എസ്എസ്എഐയുടെ വെബ്‌സൈറ്റിലും പ്രസ്തുത അറിയിപ്പ് കണ്ടെത്താനായിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു. നിര്‍മാണ പ്രക്രിയയിലെ പത്ത് ഘട്ടങ്ങളിലായി 90ലധികം ഗുണനിലവാര പരിശോധനകള്‍ നടത്തുന്നുണ്ടെന്നും കുടിവെള്ളത്തിന്റെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ബിസ്‌ലേരി വ്യക്തമാക്കി.
ലബോറട്ടറി പരിശോധനയില്‍ ബിസ്‌ലേരിയുടെ പാക്കേജ്ഡ് കുടിവെള്ളത്തിന്റെ സാംപിള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ്എസ്എസ്എഐ നടപടി സ്വീകരിച്ചത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ആക്ട് പ്രകാരം കമ്പനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ആദ്യ പരിശോധനയില്‍ സാംപിളില്‍ ബ്രോമേറ്റിന്റെ അളവ് അനുവദനീയമായ പരിധി ലംഘിച്ചതായി കണ്ടെത്തിയിരുന്നു. കമ്പനി അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ തുടര്‍പരിശോധനയിലും സാംപിള്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതായി എഫ്എസ്എസ്എഐ അറിയിച്ചു. പോളിന്യൂക്ലിയര്‍ ആരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളുടെ സാന്നിധ്യമാണ് തുടര്‍പരിശോധനയില്‍ ചൂണ്ടിക്കാട്ടിയത്.
പരിശോധനാ നടപടികളിലെ കണ്ടെത്തലുകളെ ബിസ്‌ലേരി ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും വിഷയത്തില്‍ അധികൃതരുമായി സഹകരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
