ന്യൂഡല്ഹി: കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സൈബർ സുരക്ഷാ വിഭാഗം രംഗത്തെത്തി. വാട്സ്ആപ്പ് വെബ് അക്കൗണ്ടുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, ഉപയോഗശേഷം കൃത്യമായി ലോഗ് ഔട്ട് ചെയ്യണമെന്നുമാണ് പ്രധാന നിർദ്ദേശം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റാണ് ഇതുസംബന്ധിച്ച ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുമായി ദൈനംദിനം ദശലക്ഷക്കണക്കിന് ആളുകളാണ് ഡെസ്ക്ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നത്. ഇത്തരം ഉപയോക്താക്കളുടെ അശ്രദ്ധ മുതലെടുത്ത് സൈബർ തട്ടിപ്പുകാർ അക്കൗണ്ടുകൾ കൈക്കലാക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
വാട്സ്ആപ്പ് വെബ് ഉപയോഗിച്ച ശേഷം വെറുതെ ബ്രൗസർ ടാബ് ക്ലോസ് ചെയ്യുകയാണ് സാധാരണയായി ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ബ്രൗസർ അടച്ചതുകൊണ്ട് മാത്രം അക്കൗണ്ട് സുരക്ഷിതമായി ലോഗ് ഔട്ട് ആകില്ലെന്ന് സൈബർ സുരക്ഷാ വിദഗ്ധർ കർശന മുന്നറിയിപ്പ് നൽകുന്നു.
പിന്നീട് ഇതേ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന മറ്റുള്ളവർക്കോ, സൈബർ തട്ടിപ്പുകാർക്കോ ഈ അക്കൗണ്ടിലേക്ക് യാതൊരു തടസ്സവുമില്ലാതെ എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. ഇതിലൂടെ ഉപയോക്താവിന്റെ സ്വകാര്യ ചാറ്റുകൾ വായിക്കാനും, പ്രധാനപ്പെട്ട കോൺടാക്റ്റ് വിവരങ്ങൾ ചോർത്താനും, ഉപയോക്താവിന്റെ പേരിൽ വലിയ സാമ്പത്തിക തട്ടിപ്പുകൾ നടത്താനും സാധ്യതയുണ്ട്.
അക്കൗണ്ട് ഉടമയുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സന്ദേശമയച്ച് പണം തട്ടിയെടുക്കുന്ന രീതിയും നിലവിൽ വ്യാപകമാണ്.
ഓഫീസ് കമ്പ്യൂട്ടറുകൾ, ഇന്റർനെറ്റ് കഫേകൾ, മറ്റുള്ളവരുമായി പങ്കിടുന്ന പൊതു സിസ്റ്റങ്ങൾ എന്നിവയിൽ വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നാണ് സുരക്ഷാ ഏജൻസിയുടെ നിർദേശം. അത്യവശ്യഘട്ടങ്ങളിൽ ഇത്തരം സിസ്റ്റങ്ങൾ ഉപയോഗിക്കേണ്ടി വന്നാൽ ബ്രൗസറിലെ ‘ഇൻകോഗ്നിറ്റോ’ (Incognito) മോഡ് ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം.
കൂടാതെ, ബാങ്ക് വിവരങ്ങൾ, പാസ്വേഡുകൾ, രഹസ്യസ്വഭാവമുള്ള ഔദ്യോഗിക രേഖകൾ എന്നിവ വാട്സ്ആപ്പ് വെബ് വഴി കൈമാറുന്നതും പൂർണ്ണമായും ഒഴിവാക്കണം. പൊതു വൈ-ഫൈ നെറ്റ്വർക്കുകൾ ഉപയോഗിച്ച് വാട്സ്ആപ്പ് വെബ്ബിൽ ലോഗിൻ ചെയ്യുന്നതും വിവരങ്ങൾ ചോരാൻ ഇടയാക്കിയേക്കാം. ഉപയോഗം കഴിഞ്ഞാലുടൻ സെറ്റിങ്സിൽ പോയി ലോഗ് ഔട്ട് ഓപ്ഷൻ തന്നെ തിരഞ്ഞെടുക്കാൻ ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം.
സ്വന്തം വാട്സ്ആപ്പ് അക്കൗണ്ടിൽ എന്തെങ്കിലും അസ്വാഭാവികമായ നീക്കങ്ങളോ സന്ദേശങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മൊബൈൽ ഫോണിലെ വാട്സ്ആപ്പ് ആപ്പ് പരിശോധിക്കേണ്ടതുണ്ട്. ആപ്പിലെ ‘Linked Devices’ എന്ന ഓപ്ഷൻ തുറന്ന് നിലവിൽ ഏതൊക്കെ ഉപകരണങ്ങളിലാണ് അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുള്ളതെന്ന് കൃത്യമായി നിരീക്ഷിക്കണം. ഇതിൽ പരിചയമില്ലാത്തതോ സംശയാസ്പദമായതോ ആയ ഏതെങ്കിലും ഡിവൈസുകൾ കണ്ടാൽ അവ ഉടൻ തന്നെ നീക്കം ചെയ്യുകയും വേണം.
അക്കൗണ്ടിന്റെ സുരക്ഷ വർധിപ്പിക്കുന്നതിനായി ‘ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ’ (Two-step verification) നിർബന്ധമായും ഓൺ ആക്കി വെക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. ചെറിയൊരു ജാഗ്രതയിലൂടെ വലിയൊരു സൈബർ ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഏതെങ്കിലും തരത്തിലുള്ള സൈബർ തട്ടിപ്പുകൾക്കോ അക്കൗണ്ട് ഹാക്കിങ്ങിനോ ഇരയായാൽ ഒട്ടും സമയം കളയാതെ അധികൃതരെ വിവരമറിയിക്കണം. ഇതിനായി ‘1930’ എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ്ലൈൻ നമ്പറിലേക്ക് ഉടൻ തന്നെ വിളിക്കാവുന്നതാണ്. ഇതിനുപുറമെ ‘cybercrime.gov.in’ എന്ന ഔദ്യോഗിക പോർട്ടൽ വഴിയും ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.
തട്ടിപ്പ് നടന്ന് ആദ്യ മണിക്കൂറുകളിൽ തന്നെ പരാതി നൽകുന്നത് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനും അക്കൗണ്ട് വീണ്ടെടുക്കാനും ഏറെ സഹായകമാകും. പൊതുജനങ്ങൾക്കിടയിൽ ഡിജിറ്റൽ സുരക്ഷാ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇത്തരം മുന്നറിയിപ്പുകൾ തുടർച്ചയായി നൽകുന്നത്.
