കോട്ടയം: കോട്ടയം ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു.
കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസ്‌കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി ഏ.കെ.എന്‍. പണിയ്ക്കര്‍, ട്രഷറര്‍ സജി ജോസഫ് എന്നിവര്‍ക്കെതിരെയാണ് വഞ്ചന, കബളിപ്പിയ്ക്കല്‍, ലോട്ടറിസ് നിയമലംഘനം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തത്.
ഉദ്യോഗസ്ഥ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡിജിപിയുടെ നിര്‍ദേശാനുസരണമാണ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ പോലീസ് കേസെടുത്തത്.
കുടുംബസുരക്ഷാ പദ്ധതി എന്ന പേരില്‍ ജില്ലയിലെമ്പാടുമുള്ള വ്യാപാരി സംഘടനാ യൂണിറ്റംഗങ്ങളില്‍ നിന്നും പ്രതിമാസം രണ്ടായിരം രൂപ വീതം സ്വരൂപീച്ച് അറുപതു മാസങ്ങള്‍ക്കുശേഷം അടച്ചതുക തിരിച്ചു നല്‍കുന്ന പദ്ധതിയിലൂടെ പണം സ്വീകരിച്ചിരുന്നു.
2018 മുതല്‍ ആരംഭിച്ച പദ്ധതിയുടെ തുക 2022ല്‍ നല്‍കിയത് 2020ല്‍ തുടങ്ങിയ രണ്ടാം പദ്ധതിയുടെ തുക ഉപയോഗിച്ചാണ്. രണ്ടാം പദ്ധതിയുടെ തുക 2024ല്‍ തിരിച്ചുകൊടുക്കുവാനായി 2023ല്‍ തുടങ്ങിയ നിലവിലെ പദ്ധതിയുടെ പണം ഉപയോഗിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
ഇതിനിടെ പദ്ധതികളിലൂടെ ലഭിച്ച പണം സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചു കോടിക്കണക്കിനു രൂപ പലിശയിനത്തില്‍ ലഭിച്ചതില്‍ നിന്നും തുച്ഛമായ ഭാഗം ചില അംഗങ്ങള്‍ക്കു ചികിത്സാ സഹായമായും മരണസഹായമായും നല്‍കിയെങ്കിലും മുന്തിയ പങ്കും ചിലർ കൈവശപ്പെടുത്തിയതായും മുതലു പോലും പല വഴികളിലുടെയും ചോര്‍ന്നതായും അംഗങ്ങള്‍ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു.
തുടക്കത്തില്‍ ഒരു കോടിയ്ക്കടുത്ത് തുകയാണ് പ്രതിമാസം ഏകോപന സമിതിയുടെ ജില്ലാ ഓഫീസില്‍ കളക്ഷനായിട്ടെത്തിക്കൊണ്ടിരിന്നത്.
പ്രസിഡന്റ് എം.കെ. തോമസുകുട്ടിയുടെയും ജനറല്‍ സെക്രട്ടറി ഏ.കെ.എന്‍. പണിയ്ക്കരുടെയും നേതൃത്വത്തില്‍ ‘കോട്ടയം ജില്ലാ വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘം നമ്പര്‍ 1220’ എന്ന പേരില്‍ അവരു തന്നെ പ്രസിഡന്റും വൈസ് പ്രസിഡണ്ടുമായിട്ട് ഒരു സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തു തുക അതിലേയ്ക്കു മാറ്റിക്കൊണ്ടിരുന്നു.
അവിടെ നിന്നും ഈടില്ലാതെ അഞ്ചു ലക്ഷം രൂപ വീതം മുപ്പത്തിയഞ്ചോളം ബിനാമി പേരുകളില്‍ ഒരാള്‍തന്നെ ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ പോലും അറിയാതെ വായ്പയെടുത്തതു സംബന്ധിച്ച് 2022ല്‍ ജില്ലാ ട്രഷററായിരുന്ന വ്യക്തി തന്നെ സംസ്ഥാന നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിരുന്നു.
