തിരുവനന്തപുരം: കേരളത്തെ അന്താരാഷ്ട്ര സമുദ്രവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച മിഷൻ സമുദ്ര പദ്ധതിയുടെ ഭാഗമായി വിഴിഞ്ഞത്ത് ഫുജൈറ മാതൃകയിൽ ഔട്ടർ തുറമുഖം വികസിപ്പിക്കുന്നു. നിലവിലുള്ള പഴയ തുറമുഖത്തെ സർവീസ് ഹാർബറായി മാറ്റിയാകും പദ്ധതി നടപ്പാക്കുക.
അന്താരാഷ്ട്ര കപ്പൽച്ചാലിനോട് ചേർന്നുള്ള വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ സാധ്യതകൾ പ്രയോജനപ്പെടുത്തി, ഇതുവഴി കടന്നുപോകുന്ന വിദേശ കപ്പലുകൾക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
കപ്പലുകളുടെ അറ്റകുറ്റപ്പണികൾ, എൻജിനീയറിങ് സേവനങ്ങൾ, സ്പെയർ പാർട്സുകളുടെ വിതരണം, ഇന്ധനം നിറയ്ക്കൽ (ബങ്കറിങ്), ജീവനക്കാരുടെ മാറ്റം (ക്രൂ ചേഞ്ച്) തുടങ്ങിയ സൗകര്യങ്ങൾ ഔട്ടർ തുറമുഖത്തിന്റെ ഭാഗമായി ഒരുക്കും.
ഇതിനായി പഴയ വിഴിഞ്ഞം തുറമുഖം വികസിപ്പിച്ച് വലിയ ബോട്ടുകൾക്കും ചെറുകപ്പലുകൾക്കും അടുക്കാൻ കഴിയുന്ന തരത്തിൽ സൗകര്യമൊരുക്കും. നേരത്തെ നാവികസേനയുടെ സഹകരണത്തോടെ പുറംകടലിൽ ഔട്ടർ ഹാർബർ സ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നു. ഈ സാഹചര്യത്തിൽ പുതിയ പദ്ധതിയിലും നാവികസേനയുടെ പിന്തുണ തേടാനാകുമെന്നാണ് പ്രതീക്ഷ.
ഹോർമുസ് കടലിടുക്ക് വഴി സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്ക് ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് അനുബന്ധ സേവനങ്ങൾ ലഭ്യമാക്കുന്നതിനും യു.എ.ഇയിലെ ഫുജൈറ ഓഫ്ഷോർ ആങ്കറേജ് സംവിധാനം മാതൃകയാക്കിയാണ് വിഴിഞ്ഞത്തെ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നിലവിൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള സമഗ്ര കപ്പൽ സേവനങ്ങൾ ലഭ്യമാക്കുന്ന തുറമുഖമില്ലെന്നാണ് വിലയിരുത്തൽ. അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരാതെ വൻ നിക്ഷേപം ആകർഷിക്കാനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ പാരിസ്ഥിതികവും സാമ്പത്തികവുമായ സാധ്യതകൾ വിലയിരുത്തുന്നതിനായി കൺസൾട്ടൻസി ഏജൻസിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മിഷൻ സമുദ്രയുടെ ആദ്യഘട്ടത്തിൽ മാരിടൈം ബോർഡിന്റെ കീഴിലുള്ള വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ വികസനത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്. സംസ്ഥാനത്തെ തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി സമുദ്രവ്യാപാര-സേവന മേഖലയിൽ കേരളത്തിന്റെ സാന്നിധ്യം ശക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
