തുടക്കം 10 ലക്ഷം രൂപയുടെ കൈക്കൂലിയിൽ; സി.ജി.എസ്.ടി സൂപ്രണ്ടിന്റെ വീട്ടിൽ സി.ബി.ഐ കണ്ടത് 1.86 കോടിയുടെ കള്ളപ്പണവും സ്വർണ്ണവും…

ന്യൂഡൽഹി : ഹരിയാനയിലെ പഞ്ച്കുലയിൽ കൈക്കൂലി കേസിൽ അറസ്റ്റിലായ സെൻട്രൽ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (CGST) സൂപ്രണ്ടിന്റെ വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത കോടിക്കണക്കിന് രൂപയുടെ പണവും സ്വർണ്ണവും വിദേശ കറൻസിയും സി.ബി.ഐ പിടിച്ചെടുത്തു.

നവംബർ 19-ന് പഞ്ച്കുലയിലെ ഒരു വ്യവസായിയിൽ നിന്ന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സി.ജി.എസ്.ടി സൂപ്രണ്ട് ലവ്കുശ് കുമാറിനെ സി.ബി.ഐ കൈയോടെ പിടികൂടിയത്.

സ്വകാര്യ സ്ഥാപനത്തിനെതിരായ ജി.എസ്.ടി നടപടികളിൽ ഇളവ് അനുവദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലവ്കുശ് കുമാർ 50 ലക്ഷം രൂപയാണ് വ്യവസായിയോട് ആദ്യം കൈക്കൂലിയായി ആവശ്യപ്പെട്ടത്. പിന്നീട് വിലപേശലിനൊടുവിൽ ഇത് 20 ലക്ഷം രൂപയായി കുറച്ചു. ഇതിന്റെ ആദ്യ ഗഡുവായി 10 ലക്ഷം രൂപ സ്വീകരിക്കുന്നതിനിടെയാണ് സി.ബി.ഐ കെണിയൊരുക്കി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ നവംബർ 20-ന് ലവ്കുശ് കുമാറിന്റെ വസതിയിൽ സി.ബി.ഐ നടത്തിയ വിശദമായ റെയ്ഡിലാണ് ആകെ 1.86 കോടി രൂപ മൂല്യം വരുന്ന അനധികൃത സമ്പാദ്യം കണ്ടെത്തിയത്.

വീട്ടിൽ നിന്ന് 24.29 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും, ഏകദേശം 15.65 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസിയും, 1.46 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ-വെള്ളി ആഭരണങ്ങളും സ്വർണ്ണക്കട്ടികളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

കൂടാതെ, ആറ് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, വിവിധ നിക്ഷേപ പദ്ധതികളുടെ രേഖകൾ, ലൈഫ് ഇൻഷുറൻസ് പോളിസി, നിരവധി സ്ഥാവര ജംഗമ വസ്തുക്കളുടെയും ഭൂമി ഇടപാടുകളുടെയും രേഖകൾ, വാഹന രേഖകൾ എന്നിവയും വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പ്രതിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള സാമ്പത്തിക ഇടപാടുകളും നിക്ഷേപങ്ങളും സി.ബി.ഐ വിശദമായി പരിശോധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!