ഫെയർനെസ് ക്രീമിന് ഇരയായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ…

മലപ്പുറം : മെർക്കുറി അമിതമായി അടങ്ങിയ ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് തനിക്കും ഗുരുതര വൃക്കരോഗം ബാധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ സലീം കോടത്തൂർ.

അടുത്തിടെ 17കാരിക്ക് സ്ഥിരീകരിച്ച മെംബ്രനസ് നെഫ്രോപ്പതി എന്ന രോഗാവസ്ഥയാണ് തനിക്കുമുണ്ടായതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഫെയർനെസ് ക്രീമുകളുടെ ഉപയോഗം ആരോഗ്യത്തിന് ഗുരുതര ഭീഷണിയാകുമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് ഗായകന്റെ വെളിപ്പെടുത്തൽ.

കാസർകോട്ടെ ഒരു സുഹൃത്തിന്റെ നിർദേശത്തെ തുടർന്നാണ് സലീം കോടത്തൂർ ഫെയർനെസ് ക്രീം ഉപയോഗിച്ചു തുടങ്ങിയത്.

ഉപയോഗം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ മുഖത്തിന് നിറവ്യത്യാസം ഉണ്ടായെങ്കിലും പിന്നീട് സ്ഥിതി മാറി. മുഖം മുമ്പത്തേക്കാൾ കൂടുതൽ കരുവാളിക്കുകയും പിന്നാലെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ആരംഭിക്കുകയും ചെയ്തു. നിരവധി പരിശോധനകൾ നടത്തിയിട്ടും രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്താനായില്ല. മാസങ്ങളോളം നീണ്ട ചികിത്സകൾക്കൊടുവിലാണ് രോഗാവസ്ഥയുടെ കാരണം വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു.

രോഗം മൂർച്ഛിച്ചതോടെ ശരീരത്തിന്റെ പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാസങ്ങളോളം സംഗീത പരിപാടികളും മാറ്റിവെക്കേണ്ടിവന്നു. ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും ഉറക്കം ഇപ്പോഴും പഴയ നിലയിലായിട്ടില്ല.

രോഗത്തെ തുടർന്ന് പല ഭക്ഷണസാധനങ്ങളും പൂർണമായും ഒഴിവാക്കേണ്ടിവന്നതായും സലീം കോടത്തൂർ വെളിപ്പെടുത്തി.

വൃക്കകളിലെ രക്തം അരിച്ചെടുക്കുന്ന ഗ്ലോമെറുലൈകൾക്ക് തകരാറും വീക്കവും സംഭവിക്കുന്ന രോഗാവസ്ഥയാണ് മെംബ്രനസ് നെഫ്രോപ്പതി. ഇതുമൂലം ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ശരീരത്തിൽ നീര് ഉണ്ടാകുകയും ചെയ്യാം. രോഗപ്രതിരോധ ശേഷിയെയും ഇത് ബാധിക്കാം.

അംഗീകാരമില്ലാത്ത ചില ഫെയർനെസ് ക്രീമുകളിൽ ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടാകാമെന്ന മുന്നറിയിപ്പുകളും നേരത്തെ ഉയർന്നിരുന്നു. ചർമ്മത്തിലൂടെ ശരീരത്തിലെത്തുന്ന മെർക്കുറി വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കാം.

ഫെയർനെസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ 17കാരിക്ക് മെംബ്രനസ് നെഫ്രോപ്പതി സ്ഥിരീകരിച്ച സംഭവം അടുത്തിടെ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ ദുരനുഭവം പങ്കുവെച്ച് സലീം കോടത്തൂരും രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!