വണ്ടൂരിൽ പത്തുവയസ്സുകാരിയെ 70-കാരൻ പീഡിപ്പിച്ച സംഭവം; ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തിയ 46-കാരനും അറസ്റ്റിൽ…

മലപ്പുറം: വണ്ടൂരിൽ പത്തുവയസ്സുകാരിയെ 70-കാരൻ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ 46-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വട്ടപ്പറമ്പിൽ നൗഫലിനെയാണ് വണ്ടൂർ സി.ഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഇയാൾ പകർത്തിയ ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശിയായ മുരുകലയ വീട്ടിൽ വിജയകുമാർ (70) കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് പത്തുവയസ്സുകാരിയെ വീടിന് സമീപത്തെ കുറ്റിക്കാട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

വിജയകുമാറിന്റെ അയൽവാസിയായ നൗഫൽ കുട്ടിയെ ഇയാൾ കൊണ്ടുപോകു ന്നത് കാണുകയും തുടർന്ന് ഒളിച്ചിരുന്ന് പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയുമായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് ക്രൂരമായ പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പ്രധാന പ്രതിയായ വിജയകുമാറിനെ ഈ മാസം 11-ന് പോലീസ് അറസ്റ്റ് ചെയ്തു . ഇയാൾ നിലവിൽ റിമാൻഡിലാണ്. കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനിടെയാണ് പീഡനദൃശ്യങ്ങൾ നൗഫൽ മൊബൈലിൽ പകർത്തി സൂക്ഷിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പീഡനദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിനും, പീഡനവിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചതിനുമുള്ള പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെയാണ് നൗഫലിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ. പി.പി. മുഹമ്മദ് അസ്ലം, എസ്.സി.പി.ഒ. എം. ലിജേഷ്, ഉമ്മുൽ സമീമ, സാബിറ, ജാഫർ, ഡ്രൈവർ ഷഹബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!