‌രണ്ട് പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; വീട്ടമ്മയുടെ പരാതിയിൽ അധ്യാപകനായ സിപിഎം നേതാവിനെതിരെ കേസ്

കാസർകോട് : വീട്ടമ്മയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും നിലവിൽ എൻമകജെ പഞ്ചായത്ത് അംഗവുമായ എസ്. സുധാകരനെതിരെയാണ് കേസ്. ഇച്ചിലംപാടി സ്കൂളിലെ അധ്യാപകൻ കൂടിയാണ് സുധാകരൻ. നാൽപ്പത്തിയെട്ടു കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് ഇയാൾക്കെതിരെ കാസർകോട് വനിതാ പൊലീസ് കേസെടുത്തത്.

സുധാകരൻ തന്നെ ലൈംഗികപീഡനത്തി നിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും ഒരാഴ്ച്ച മുമ്പാണ് പരാതി നൽകിയത്. രണ്ട് പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചെന്നും യുവതി പരാതിയിൽ പറയുന്നു.

സ്കൂൾ മുറിയിൽ നിന്ന് ഉൾപ്പെടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അയച്ചു. 1995 മുതൽ പീഡനം നടത്തുകയാണ്. വിവാഹം കഴിക്കുമെന്നു പറഞ്ഞാണ് പീഡനം തുടങ്ങിയത്. എന്നാൽ സുധാകരൻ വിവാഹം കഴിച്ചില്ല. മറ്റൊരാളെയാണ് വിവാഹം ചെയ്തത്. വിവാഹത്തിനു ശേഷവും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

പരാതി നൽകി ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായത്. സുധാകരനെതിരെ കേസെടുക്കാത്തതിൽ പ്രതിഷേധിച്ചും സ്കൂളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടും ബിജെപി ഉൾപ്പെടെ പ്രതിഷേധം നടത്തിയിരുന്നു.

ആരോപണത്തെത്തുടർന്ന് സുധാകരനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിനായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാർട്ടി കമ്മീഷൻ അന്വേഷണം നടക്കുന്നതിനിടെ യാണ് പൊലീസ് കേസെടുത്തത്.

ജബ്ബാർ വധക്കേസിൽ സുധാകരൻ ശിക്ഷിക്കപ്പെട്ടിരുന്നു. മേൽക്കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് ജയിൽമോചിതനായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!