നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി

എറണാകുളം : നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി.

വിചാരണ സമയത്ത് അഭിഭാഷക കോടതിയില്‍ വന്നത് പത്ത് ദിവസത്തില്‍ താഴെയാണെന്നും അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയില്‍ ഉണ്ടാകാറുള്ളതെന്നുമാണ് കോടതിയുടെ രൂക്ഷ വിമർശനം.

കോടതിയില്‍ ഉണ്ടാകുമ്പോള്‍ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമർശനം.

വിചാരണ കോടതിയുടെ വിമർശനത്തില്‍ പ്രതികരിച്ച്‌ നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി.

നടിയെ ആക്രമിച്ച കേസില്‍ 10 ദിവസം മാത്രമാണ് വിചാരണക്കിടെ ഹാജരായതെന്ന കോടതിയുടെ വിമർശനം നുണയാണെന്ന് മിനി പറഞ്ഞു.

കോടതി ഒരു കാര്യവുമില്ലാതെ തന്നെ ആക്രമിക്കുകയാണെന്നും, കോടതി എന്തിനാണ് ഇങ്ങനെ കളവ് പറയുന്നതെന്ന് അറിയില്ലെന്നും ടി.ബി. മിനി ആരോപിച്ചു. കേസിലെ വാദത്തിനിടെ പരമാവധി എല്ലാ ദിവസങ്ങളിലും കോടതിയില്‍ പോയിട്ടുണ്ടെന്നും അഭിഭാഷക വ്യക്തമാക്കി.

സാധാരണയായി സീനിയർ അഭിഭാഷകർ വിചാരണ കോടതിയില്‍ ഹാജരാകാറില്ല. അതിജീവിതയ്ക്ക് വേണ്ടി ഫീസ് പോലും വാങ്ങാതെയാണ് ഹാജരായത്. എന്തിനാണ് കോടതി തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതെന്നും ടി.ബി. മിനി ചോദിച്ചു.

മെമ്മറി കാര്ഡ് ചോര്ന്നത് താൻ കാരണമാണ് ലോകം അറിഞ്ഞതെന്ന് പറഞ്ഞ അഭിഭാഷക ദിലീപിന്റെ ആളുകള് ആക്രമിച്ചതിന്റെ തുടര്ച്ചയാണ് ഇപ്പോള് കോടതി നടത്തുന്നതെന്നും കുറ്റപ്പെടുത്തി. പൊതുപരിപാടികളില്‍ കോടതിയെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടില്ലെന്നും ടി.ബി. മിനി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!