കോട്ടയം – കൊച്ചി റോഡ് നിമ്മാണം ; സംസ്ഥാനം ശുപാർശചെയ്യും – ഫ്രാൻസിസ് ജോർജ് എം.പി

കോട്ടയം :- ദേശീയ പാത 183, 66 എന്നിവയെ ബന്ധിപ്പിച്ചു കൊണ്ട് കോട്ടയത്ത് നിന്ന് ആരംഭിച്ച് കുമരകം വെച്ചൂർ, വൈക്കം, വഴി തൃപ്പൂണിത്തുറ മാർക്കറ്റിന് സമീപം അങ്കമാലി – കുണ്ടന്നൂർ ബൈപാസിൽ എത്തിച്ചേരുന്ന വിധത്തിൽ പുതിയ റോഡ് നിർമ്മിക്കുന്നതിന് ആവശ്യമായ സംസ്ഥാന സർക്കാരിന്റെ ശുപാർശ ഉടൻ നൽകുമെന്ന് മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഉറപ്പ് തന്നതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.

കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് അതിരൂക്ഷമായ ഗതാഗത തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ദേശീയപാതാ വിഭാഗത്തിന്റ കണക്ക് അനുസരിച്ച് കോട്ടയത്തിനും കൊച്ചിക്കുമിടയിൽ പ്രതിദിനം ഓടുന്നത് റോഡിന്റെ ശേഷിയുടെ 9 ഇരട്ടി പി.സി.യു ആണ് . അതായത് 90000 വാഹനങ്ങൾ ആണ്.

നിരപ്പായ രണ്ട് വരി റോഡുകളിൽ പ്രതിദിനം സഞ്ചരിക്കാവുന്ന വാഹനങ്ങളുടെ എണ്ണം 10000 പി.സി.യു ആണ്. തിരക്കുള്ള സമയങ്ങളിൽ കോട്ടയം കൊച്ചി റൂട്ടിൽ 60 കി.മീ.യാത്ര ചെയ്യാൻ മൂന്ന് മണിക്കൂറിൽ കൂടുതൽ സമയം ഇപ്പോൾ വേണ്ടി വരുന്നുണ്ട്.

ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ദേശീയ പാത 183, 66 എന്നിവയെ ബന്ധിപ്പിച്ചുകൊണ്ട് കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് ഇടനാഴി നിർമ്മിക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

പ്രസ്തുത റോഡ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ലോക്സഭയിൽ കേന്ദ്രമന്ത്രി നൽകിയ ഉറപ്പിന്റ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരുമായി ഫ്രാൻസിസ് ജോർജ് എം.പി ചർച്ച നടത്തിയത്.

പരിസ്ഥിതിക്കും കൃഷിക്കും ദോഷം വരാത്ത നിലയിലും നീരൊഴുക്കിന് തടസ്സം ഇല്ലാത്ത വിധത്തിലും എലിവേറ്റഡ് ആയി റോഡ് നിർമ്മിക്കാമെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞിരിക്കുന്നത്. ഇതിനാൽ സ്ഥലം ഏറ്റെടുക്കുന്നതിന് തടസ്സം ഉണ്ടാകുകയില്ലന്ന് അദ്ദേഹം പറഞ്ഞു. ഈ റോഡ് കേന്ദ്ര സർക്കാർ ദേശീയ പാതയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശ ആവശ്യമാണ്. ഇത് ഉടൻ നൽകുമെന്നുള്ള ഉറപ്പാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ശുപാർശ നൽകിയാൽ ഉടൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പഠന സംഘത്തെ അയക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. അറിയിച്ചു.

പ്രസ്തുത റോഡ് പ്രാവർത്തികമായാൽ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് വളരെ ഏറെ പ്രയോജനം ലഭിക്കും. മധ്യകേരളത്തിലെ ഗതാഗത വ്യാപാര വ്യവസായ മേഖലകളിൽ ഇത് ഏറെ ഗുണപ്പെടും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. കുമരകം അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് വിദേശികൾ അടക്കമുള്ളവർക്ക് വേഗത്തിൽ എത്തുവാൻ കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!