ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് മെഗാ ലേലത്തിൽ വൻ നേട്ടം സ്വന്തമാക്കി ഓൾ റൗണ്ടർ ദീപ്തി ശർമ. ദീപ്തിയ്ക്കായി യുപി വാരിയേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ വൻ ലേലം വിളിയാണ് നടന്നത്. ഒടുവിൽ 3.2 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് തന്നെ താരത്തെ തിരികെ ടീമിലെത്തിച്ചു. ദീപ്തിയടക്കം ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിലെ താരങ്ങൾക്ക് ലേലത്തിൽ വൻ ഡിമാൻഡായിരുന്നു. ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ അലിസ ഹീലിയെ ആരും ലേലത്തിൽ വിളിച്ചെടുക്കാഞ്ഞത് ഞെട്ടിയ്ക്കുന്നതായി. താരം അൺസോൾാഡായി.
ലേലത്തിനു മുൻപ് ദീപ്തിയെ യുപി റിലീസ് ചെയ്തിരുന്നു. ലേലത്തിൽ 50 ലക്ഷം രൂപയ്ക്ക് ഡൽഹി വിളിച്ചെടുത്തു. ഇതോടെ ശക്തമായി യുപിയും രംഗത്തെത്തിയതോടെ ലേലം മുറുകി. ഒടുവിൽ റൈറ്റ് ടു മാച്ച് (ആർടിഎം) ഉപയോഗിച്ചാണ് യുപി 3.2 കോടിയ്ക്ക് ദീപ്തിയെ തിരികെ ടീമിലെത്തിച്ചത്.
ഇന്ത്യൻ താരം ശിഖ പാണ്ഡെയെ ടീമിലെത്തിക്കാനും കടുത്ത ലേലം വിളിയുയർന്നു. താരത്തെ 2.40 കോടിയ്ക്ക് യുപി ടീമിലെത്തിച്ചു.
മലയാളി താരം ആശ ശോഭനയേയും യുപി വാരിയേഴ്സ് വൻ തുക മുടയ്ക്കി ടീമിലെത്തിച്ചു. സ്പിന്നറായ ആശയെ 1.1 കോടി രൂപയ്ക്കാണ് യുപി സ്വന്തമാക്കിയത്. ആർസിബിയും താരത്തിനായി കൊണ്ടുപിടിച്ചതോടെയാണ് ലേലം കടുത്തത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയായിരുന്നു ആശയ്ക്ക്.
ലോകകപ്പ് കിരീടം നേടിയ ടീമിലെ അംഗങ്ങളായ ശ്രീ ചരണിയെ ഡൽഹി ക്യാപിറ്റൽസും രാധ യാദവിനെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും രേണുക സിങിനെ ഗുജറാത്ത് ജയന്റ്സും സ്വന്തമാക്കി. ശ്രീ ചരണിയെ 1.3 കോടിയ്ക്കാണ് ഡൽഹി ടീമിലെത്തിച്ചത്. രാധയെ ആർസിബി 65 ലക്ഷം മുടക്കിയും രേണുകയെ ഗുജറാത്ത് 60 ലക്ഷം മുടക്കിയുമാണ് സ്വന്തം പാളയത്തിലെത്തിച്ചത്.
സ്നേഹ് റാണ 50 ലക്ഷം രൂപയ്ക്ക് ഡൽഹിയിലെത്തി. ഹർലീൻ ഡിയോൾ, ക്രാന്തി ഗൗഡ് എന്നിവരെ 50 ലക്ഷം രൂപയ്ക്ക് യുപി സ്വന്തമാക്കി.
വിദേശ താരങ്ങളായ മാർക്വി പ്ലയേഴ്സിൽ ന്യൂസിലൻഡ് താരം അമേലിയ കെറിനാണ് ഏറ്റവും കൂടുതൽ തുക ലഭിച്ച രണ്ടാമത്തെ താരം. മുംബൈ ഇന്ത്യൻസ് അമേലിയയെ 3 കോടി രൂപയ്ക്ക് സ്വന്തമാക്കി. ലേലത്തിനു മുൻപ് മുംബൈ അമേലിയയെ റിലീസ് ചെയ്തിരുന്നു. ലേലത്തിൽ വൻ തുക മുടക്കി താരത്തെ ടീം തിരിച്ചെത്തിച്ചു. മറ്റൊരു ന്യൂസിലൻഡ് താരം സോഫി ഡിവൈനെ 2 കോടിയ്ക്ക് ഗുജറാത്ത് ജയന്റ്സ് ടീമിലെത്തിച്ചു. താരത്തിനായി മറ്റ് ടീമുകളും രംഗത്തെത്തിയതോടെ ലേലം മുറുകി.
ഓസീസ് താരം മെഗ്‍ലാന്നിങിനെ 1.9 കോടിയ്ക്ക് യുപി ടീമിലെത്തിച്ചു. ഇംഗ്ലണ്ട് താരം സോഫി എക്ലസ്റ്ററിനെ 85 ലക്ഷം രൂപയ്ക്കും യുപി സ്വന്തമാക്കി.
വനിതാ ലോകകപ്പിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർടിനെ 1.1 കോടി രൂപയ്ക്കു ഡൽഹി പാളയത്തിലെത്തിച്ചു. വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ചിനെല്ലെ ഹെൻറിയാണ് ലേലത്തിൽ മികച്ച തുക നേടിയ മറ്റൊരു താരം. 1.3 കോടിയ്ക്ക് താരത്തെ ഡൽഹി സ്വന്തമാക്കി.
