രഞ്ജി ട്രോഫി ഫൈനലിന്റെ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ വിദര്‍ഭ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 249 റണ്‍സെന്ന ശക്തമായ നിലയില്‍. 286 റണ്‍സിന്റെ ലീഡാണ് നിലവില്‍ വിദര്‍ഭയ്ക്കുള്ളത്. കരുണ്‍ നായരുടെ സെഞ്ച്വറിയാണ് നാലാം ദിവസം വിദര്‍ഭ ഇന്നിങ്‌സിന് കരുത്ത് പകര്‍ന്നത്.
രണ്ടാം ഇന്നിങ്‌സിന്റെ തുടക്കത്തില്‍ തന്നെ വിദര്‍ഭയുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി കേരള ബൗളര്‍മാര്‍ പ്രതീക്ഷ നല്‍കി. ഒരു റണ്ണെടുത്ത പാര്‍ഥ് റെഖാഡെയെ ജലജ് സക്‌സേനയും അഞ്ച് റണ്‍സെടുത്ത ധ്രുവ ഷോറെയെ നിധീഷും പുറത്താക്കി. രണ്ട് വിക്കറ്റിന് ഏഴ് റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിട്ട വിദര്‍ഭയ്ക്ക് ഡാനിഷ് മലേവാര്‍ – കരുണ്‍ നായര്‍ കൂട്ടുകെട്ടാണ് രണ്ടാം ഇന്നിങ്‌സിലും രക്ഷകരായത്. അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് കേരളത്തിന്റെ വിജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുകയായിരുന്നു. 182 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. 73 റണ്‍സെടുത്ത ഡാനിഷ് മലേവാറിനെ അക്ഷയ് ചന്ദ്രനാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ച് നിന്ന കരുണ്‍ നായര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി ക്രീസിലുണ്ട്. പത്ത് ബൗണ്ടറികളും രണ്ട് സിക്‌സുമടക്കം 132 റണ്‍സുമായി കരുണ്‍ നായര്‍ പുറത്താകാതെ നില്‍ക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ നേരിയ വ്യത്യാസത്തിനായിരുന്നു കരുണ്‍ നായര്‍ക്ക് സെഞ്ച്വറി നഷ്ടമായത്.
കളി അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ കൂടി ബാക്കിയിരിക്കെ യഷ് റാഥോഡിന്റെ വിക്കറ്റ് കൂടി വിദര്‍ഭയ്ക്ക് നഷ്ടമായി. 24 റണ്‍സെടുത്ത യഷ് റാഥോഡിനെ ആദിത്യ സര്‍വാടെയാണ് പുറത്താക്കിയത്. ഇതിനിടെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് റാഥോഡ് പിന്നിട്ടിരുന്നു. 18 ഇന്നിങ്‌സുകളില്‍ നിന്ന് അഞ്ച് സെഞ്ച്വറികളും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും അടക്കം 53.3 ശരാശരിയില്‍ 960 റണ്‍സാണ് റാഥോഡ് ഈ സീസണില്‍ നേടിയത്.
രഞ്ജി ട്രോഫി ഫൈനൽ; വിദർഭ ശക്തമായ നിലയിൽ, കേരളത്തിന് വെല്ലുവിളി…
