കള്ളുഷാപ്പുകളിലും ഇനി സ്ത്രീകൾക്ക് ജോലി ചെയ്യാം; നിയമന വിലക്ക് റദ്ദാക്കി ഹൈക്കോടതി

കൊച്ചി : സ്ത്രീകൾക്ക് തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവകാശം ഉയർത്തിപ്പിടിച്ച് നിർണായക വിധിയുമായി കേരള ഹൈക്കോടതി. കള്ളുഷാപ്പുകളിലെ തസ്തികകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയിരുന്ന ചട്ടം കോടതി റദ്ദാക്കി.

കേരള അബ്കാരി ഷാപ്പ് ഡിസ്പോസൽ ചട്ടങ്ങളിലെ 7(37)-ാം ചട്ടമാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. തൃശൂർ സ്വദേശിനിയായ സോഫി നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഇടപെടൽ.

കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് 2024-ൽ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കാനായി സോഫി അപേക്ഷ നൽകിയിരുന്നു.എന്നാൽ, കള്ളുഷാപ്പുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കുന്നത് വിലക്കുന്ന ചട്ടം ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചു. ഇതോടെയാണ് നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സോഫി ഹൈക്കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് തമ്പാൻ മുഖേന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി വിലക്ക് റദ്ദാക്കിയത്.

സ്ത്രീകളെ ചൂഷണത്തിൽനിന്നും ജോലിസ്ഥലത്തെ ഉപദ്രവങ്ങളിൽനിന്നും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയ തെന്ന് സർക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പേരിൽ അവർക്ക് തൊഴിൽ അവസരങ്ങൾ നിഷേധിക്കാനാവില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.

ലിംഗവിവേചനം മൂലമുണ്ടാകുന്ന തടസ്സങ്ങൾ ഇല്ലാതാക്കുകയും സ്ത്രീകൾക്ക് അവർ തിരഞ്ഞെടുക്കുന്ന മേഖലകളിൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ അനുയോജ്യമായ സുരക്ഷിത സാഹചര്യം ഒരുക്കുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്ന് കോടതി വ്യക്തമാക്കി.

വിദേശമദ്യഷാപ്പുകളിൽ സ്ത്രീകളെ നിയമിക്കുന്നത് വിലക്കിയിരുന്ന ചട്ടവും ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ആ വിധിയുടെ പശ്ചാത്തലത്തിൽ കള്ളുഷാപ്പുകളിലെ നിയമനവിലക്കും ന്യായീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീകൾക്ക് താൽപര്യമുള്ള തൊഴിൽമേഖലകളിൽ ജോലി ചെയ്യാനുള്ള അവസരം ഉറപ്പാക്കുന്നതിനൊപ്പം ജോലിസ്ഥലത്തെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും കോടതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!