വിമാനത്തിനുള്ളിൽ ആഡംബര വീട്; കിടപ്പുമുറിയും ലിവിങ് റൂമും ഷവറോടുകൂടിയ ബാത്ത്റൂമും, ഇത്തിഹാദിന്റെ ‘ദി റെസിഡൻസ്’ ശ്രദ്ധ നേടുന്നു…

അബൂദബി: ആകാശയാത്രയ്ക്കിടെ ഒരു ആഡംബര വീട്ടിൽ കഴിയുന്ന അനുഭവം. കിടപ്പുമുറിയും ലിവിങ് റൂമും ഷവറോടുകൂടിയ സ്വകാര്യ ബാത്ത്റൂമും ഉൾപ്പെടുന്ന മൂന്ന് മുറികളുള്ള അത്യാഡംബര സ്യൂട്ട് അവതരിപ്പിച്ച് ഇത്തിഹാദ് എയർവേസ്.

രണ്ട് യാത്രക്കാർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന ഈ സ്വകാര്യ താമസസൗകര്യം വിമാനയാത്രയിലെ ആഡംബരത്തിന്റെ പുതിയ തലമാണ് പരിചയപ്പെടുത്തുന്നത്.

അബൂദബി–ബാങ്കോക്ക് റൂട്ടിൽ സർവീസ് നടത്തുന്ന എയർബസ് എ380 വിമാനത്തിലാണ് ‘ദി റെസിഡൻസ്’ എന്ന പേരിലുള്ള ഈ സ്യൂട്ട് ഒരുക്കിയിരിക്കുന്നത്.125 ചതുരശ്രയടി വിസ്തീർണമുള്ള ഈ സ്വകാര്യ സ്യൂട്ടിൽ മൂന്ന് വ്യത്യസ്ത ഇടങ്ങളാണുള്ളത്. രണ്ടുപേർക്ക് ഇരിക്കാവുന്ന സോഫയോടുകൂടിയ ലിവിങ് റൂം, ഇരട്ടക്കിടക്കയുള്ള സ്വകാര്യ ബെഡ്‌റൂം, പൂർണ ഉയരത്തിലുള്ള ഷവർ സൗകര്യമുള്ള ബാത്ത്റൂം എന്നിവയാണ് ഇതിന്റെ പ്രധാന ആകർഷണങ്ങൾ.

വിമാനത്തിനുള്ളിൽ സാധാരണയായി ലഭിക്കുന്ന യാത്രാസൗകര്യങ്ങളിൽനിന്ന് വ്യത്യസ്തമായി, സ്വകാര്യതയും വിശ്രമവും ഒരുമിച്ച് അനുഭവിക്കാനുള്ള അവസരമാണ് ഇത്തിഹാദ് ഇതിലൂടെ ഒരുക്കുന്നത്.

സ്യൂട്ടിലെ സൗകര്യങ്ങൾ ഇതിൽ മാത്രം ഒതുങ്ങുന്നില്ല. സൗജന്യ വൈഫൈ, ആഡംബര ബെഡ്, പ്രത്യേക ലൗഞ്ച് വസ്ത്രങ്ങൾ, യാത്രക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം എന്നിവയും ലഭ്യമാണ്. അബൂദബിയിൽ എത്തിഹാദിന്റെ ചോഫർ സേവനവും സ്വകാര്യ ലൗഞ്ചിലേക്കുള്ള പ്രവേശനവും ഈ ആഡംബര യാത്രാപാക്കേജിന്റെ ഭാഗമാണ്.

വിമാനത്തിനുള്ളിൽ മൂന്ന് മുറികളുള്ള സ്യൂട്ട് ഒരുക്കുന്നത് ലോകത്ത് ആദ്യമായാണെന്നാണ് ഇത്തിഹാദ് എയർവേസ് അവകാശപ്പെടുന്നത്. എയർബസ് എ380 വിമാനത്തിൽ ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കായി സ്ലൈഡിങ് ഡോറുകളുള്ള ഒമ്പത് സ്വകാര്യ അപ്പാർട്ട്മെന്റുകളും ഒരുക്കിയിട്ടുണ്ട്. യാത്രയ്ക്കിടെ കൂടുതൽ സ്വകാര്യതയും സൗകര്യങ്ങളും ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഇത്തരം സംവിധാനങ്ങൾ അവതരിപ്പിക്കുന്നത്.

അബൂദബി–ബാങ്കോക്ക് റൂട്ടിൽ തിങ്കളാഴ്ചയാണ് എ380 ഡബിൾ ഡക്കർ വിമാനം സർവീസ് ആരംഭിച്ചത്. അബൂദബിയിൽനിന്ന് രാത്രി 9.20ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം രാവിലെ 6.35ന് ബാങ്കോക്കിലെത്തും. ബാങ്കോക്കിൽനിന്ന് രാവിലെ 8.35ന് പുറപ്പെടുന്ന വിമാനം ഉച്ചയ്ക്ക് 12.20ന് അബൂദബിയിലെത്തും.

ശൈത്യകാല വിനോദസഞ്ചാര സീസണിന് മുന്നോടിയായി വർധിച്ചുവരുന്ന യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനും റൂട്ടിലെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് എ380 വിമാനം വിന്യസിച്ചതെന്ന് ഇത്തിഹാദ് അറിയിച്ചു.

2026 ജൂണിൽ ടോക്കിയോയിലേക്ക് പ്രതിദിന എ380 സർവീസ് ആരംഭിച്ചതിന് പിന്നാലെയാണ് ബാങ്കോക്കും വിമാനക്കമ്പനിയുടെ എ380 ശൃംഖലയിൽ ഇടംപിടിക്കുന്നത്. സാധാരണ വിമാനയാത്രയെ ആഡംബര താമസാനുഭവമാക്കി മാറ്റുന്ന ‘ദി റെസിഡൻസ്’ യാത്രാ വ്യവസായത്തിലെ ശ്രദ്ധേയമായൊരു ആകർഷണമായി മാറുകയാണ്.

ആകാശത്ത് പറക്കുന്നതിനൊപ്പം സ്വന്തം സ്വകാര്യ സ്യൂട്ടിൽ വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കുളിക്കാനും കഴിയുന്ന ഈ സൗകര്യം, ആഡംബര യാത്രയുടെ നിർവചനത്തെ തന്നെ കൂടുതൽ വിപുലമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!