തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ 270 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ നിര്‍മ്മാണത്തിലെ ഗുരുതരമായ അപാകതകള്‍ അന്വേഷിക്കുമെന്ന് ഉറപ്പു നല്‍കി ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
കെട്ടിടത്തിന്റെ സീലിംഗുകള്‍ തുടര്‍ച്ചയായി അടര്‍ന്നു വീഴുന്നതും ചോര്‍ച്ചയും ഇലക്‌ട്രിക്കല്‍-പ്ലംബിങ് തകരാറുകളും രോഗികളുടെയും ജീവനക്കാരുടെയും ജീവനു വലിയ ഭീഷണിയാണെന്നു നാട്ടകം സുരേഷ് എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ചു.
270 കോടി രൂപ മുടക്കി നിര്‍മിച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത പുതിയ സര്‍ജിക്കല്‍ ബ്ലോക്കിന്റെ പല ഭാഗങ്ങളും ഓരോ ദിവസവും അടര്‍ന്നു വീഴുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ രണ്ടു തവണ സീലിങ് വീണ് അപകടമുണ്ടായി. മഴ പെയ്യുമ്പോള്‍ കെട്ടിടത്തില്‍ കടുത്ത വെള്ളച്ചോര്‍ച്ച അനുഭവപ്പെടുന്നു. താഴത്തെ നിലകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
കൂടാതെ ഫാനിന്റെ ലീഫുകള്‍ ഇളകി വീഴുന്നതും ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ജീവനക്കാര്‍ക്കു ഷോക്കേല്‍ക്കുന്നതും സ്ഥിരം സംഭവമായി മാറിക്കഴിഞ്ഞു. നിര്‍മാണ ചുമതലയുണ്ടായിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണം. അഴിമതിയെക്കുറിച്ചും സാങ്കേതിക വീഴ്ചകളെക്കുറിച്ചും വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ഹൈറ്റ്‌സ് ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും കെട്ടിടം പൂര്‍ണ്ണമായി ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പരിശോധന നടത്തി അപാകതകള്‍ കണ്ടെത്തിയിരുന്ന തായും ആരോഗ്യ മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിന് കിഫ്ബി പ്രൊജക്റ്റ് അഡൈ്വസറുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട്, ഫയര്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ജോയിന്റ് ഇന്‍സ്‌പെക്ഷനില്‍ പല അപാകതകളും കണ്ടെത്തിയിരുന്നു. ഇവ പരിഹരിക്കാന്‍ ഹൈറ്റ്‌സിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 23ന് ആണ് ‘എയര്‍ ഹാന്‍ഡ്ലിങ് യൂണിറ്റ്’ ഫില്‍ട്ടര്‍ ചോക്ക് ആയതിനെ തുടര്‍ന്നാണു യാദൃശ്ചികമായി സീലിങ് അടര്‍ന്നു വീണത്. ഫില്‍ട്ടര്‍ മാറ്റി സീലിങ് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ നടക്കുകയാണ്. നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാരത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കും. അപാകതകള്‍ പരിഹരിച്ച ശേഷം കിഫ്ബി അഡൈ്വസറുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം വീണ്ടും പരിശോധന നടത്തുമെന്നും തകരാറുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
