കണ്ണൂർ: ചേരാനല്ലൂരിൽ 17-കാരൻ ഓടിച്ച ബെൻസ് കാർ ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിന് പിന്നാലെ കണ്ണൂർ റേഞ്ചിൽ പോലീസിന്റെ മിന്നൽ പരിശോധന. ഒറ്റ രാത്രികൊണ്ട് 55 കുട്ടി ഡ്രൈവർമാരെ പിടികൂടി. ഉത്തരമേഖലാ ഡിഐജി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം ചൊവ്വാഴ്ച രാത്രി 7 മണി മുതൽ ബുധനാഴ്ച പുലർച്ചെ 4 മണി വരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ്.
ഇരുചക്ര-നാലുചക്ര വാഹനങ്ങൾ ഓടിച്ച 14 മുതൽ 18 വയസ്സ് വരെയുള്ളവരാണ് പിടിയിലായത്. പിടിയിലായ കുട്ടികൾക്കെതിരെ സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് (SBR) തയ്യാറാക്കി വിവരങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും.
കുട്ടികൾക്ക് വാഹനം നൽകിയ RC ഉടമകളായ രക്ഷിതാക്കൾക്കെതിരെ FIR രജിസ്റ്റർ ചെയ്തു. മോട്ടോർ വാഹന നിയമപ്രകാരം 25,000 രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡിഐജി അറിയിച്ചു.
