പുഴു വിവാദത്തിൽ ഫേസ്ബുക്കിൽ പോരടിച്ച് പി സരിനും വസന്ത് സിറിയക്കും…

കോഴിക്കോട് : സംസ്ഥാന സ്കൂൾ കായികമേളയിലെ പുഴു വിവാദത്തിൽ കോൺഗ്രസ് – സിപിഎം നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിൽ തർക്കം. സംഭവത്തിൽ അറസ്റ്റിലായ ജിജോ ജെയിംസ് എന്ന അധ്യാപകൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിച്ചയാളാണെന്ന് പി സരിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

അറസ്റ്റിലായത് കോൺഗ്രസുകാരനാണ് എന്ന് പുറത്തായപ്പോൾ ലീഗ് മുഖപത്രവും മന്ത്രിയും അടക്കം അത് സിപിഎമ്മിൻ്റെ തലയിൽ കെട്ടിവയ്ക്കാൻ കാണിച്ച ക്രിമിനൽ ബുദ്ധി ചില്ലറയല്ലെന്നും സരിൻ കുറിച്ചു.

പി സരിൻ്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെപിസിസി വക്താവ് അഡ്വ. വസന്ത് സിറിയക് രംഗത്തെത്തി. 2020ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചുവെന്ന കാരണത്താൽ ഒരാളെ ആറു വർഷങ്ങൾക്കിപ്പുറവും കോൺഗ്രസുകാരനായി ചിത്രീകരിക്കുകയാണെങ്കിൽ, 2021ൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച പി സരിനും അതേ മാനദണ്ഡം ബാധകമല്ലേയെന്ന് അദ്ദേഹം ചോദിച്ചു.

2020ൽ കോൺഗ്രസിനുവേണ്ടി മത്സരിച്ചശേഷം പ്രസ്തുത അധ്യാപകൻ പാർട്ടി വിട്ട് ഡിവൈഎഫ്ഐയിൽ ചേർന്ന് പ്രവർത്തിച്ചുവെന്ന് വാദിച്ചാണ് വസന്ത് സിറിയക് ഫേസ്ബുക്ക് പോസ്റ്റിലൂടെ സരിനെ വെല്ലുവിളിച്ചത്. അധ്യാപകൻ എപ്പോഴാണ് കോൺഗ്രസ് വിട്ടത്, എപ്പോഴാണ് ഡിവൈഎഫ്ഐയിൽ ചേർന്നത്, സരിൻ ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ എന്ത് വിശദീകരണമാണ് നൽകുന്നതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

കോൺഗ്രസുകാരൻ അല്ല ഇനി ദേവേന്ദ്രൻ്റെ അച്ഛൻ മുത്തുപട്ടർ ആണ് എങ്കിലും വൃത്തികേട് കാണിച്ചാൽ അതങ്ങനെ തന്നെയാണ് എന്ന് പറയും. അതാണ് ശീലവും പാരമ്പര്യവും. കാരണം ന്യായീകരിക്കാൻ ഈ പാർട്ടിയുടെ പേര് സിപിഎം അല്ല, കോൺഗ്രസ് എന്നാണെന്നും വസന്ത് ഫേസ്ബുക്കിൽ കുറിച്ചു.

ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായത് 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജിജോ ജെയിംസ് ആണ്. ഇയാൾ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടി വിട്ടുവെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!