കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരിയായ വനിത കൂടി അറസ്റ്റിൽ…

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന കോവളം സ്പാ കേസിൽ കൂടുതൽ നടപടികളുമായി പൊലീസ്. കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്ന നഗരൂർ ആരോഗ്യകേന്ദ്രത്തിലെ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. മായയെ (42) അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കേസിൽ അറസ്റ്റിലായ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇരുവരും ഒരു വർഷമായി സൗഹൃദത്തിലായിരുന്നുവെന്നും അനുരൂപിന്റെ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് മായയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറയുന്നു.

സ്പാ നടത്തിപ്പുകാരിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം മായയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കേസിൽ മായയുടെ പങ്കും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണ്.

അതേസമയം, കേസിലെ രണ്ടാം പ്രതിയായ പെൺകുട്ടിയുടെ ഇളയമ്മയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നവംബർ രണ്ടുവരെയാണ് കസ്റ്റഡി കാലാവധി. ഇളയമ്മയുടെയും ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെയും കസ്റ്റഡി അപേക്ഷ നവംബർ രണ്ടിന് പരിഗണിക്കും. പ്രായപൂർത്തിയാകാത്ത ആന്ധ്ര സ്വദേശിനിയായ പെൺകുട്ടിയെ സ്പായിലെത്തിച്ചെന്ന കേസിൽ ഇളയമ്മയെയും ഇവരോടൊപ്പം താമസിച്ചിരുന്ന യുവാവിനെയും ആന്ധ്രയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

സ്പാ നടത്തിപ്പുകാരായ സജിത്ത് കുമാർ (47), നിഷാന്ത് (46) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്. സെപ്റ്റംബർ 21ന് പെൺകുട്ടിയെ കാണാനില്ലെന്ന് ഇളയമ്മ നൽകിയ പരാതിയിലാണ് കോവളം പൊലീസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയ രണ്ട് ആധാർ കാർഡുകളിൽ ഒന്നിൽ പ്രായം 20 എന്നും മറ്റൊന്നിൽ 16 എന്നും രേഖപ്പെടുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇതോടെയാണ് അന്വേഷണസംഘത്തിന് സംശയം തോന്നിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി സ്പായിൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന വിവരം പുറത്തുവന്നത്.

കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനും പ്രതികളുടെ പങ്ക് വ്യക്തമാക്കുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!