തിരുവനന്തപുരം : മകൾ എല്ലാത്തരത്തിലും ചൂഷണത്തിന് ഇരയായി എന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്ന് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ. ഇതെല്ലാം കൃത്യമായി പൊലീസ് കോടതിയിൽ സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. നീതിക്കായി എതറ്റവും വരെയും പോരാടുമെന്നും അച്ഛൻ പറഞ്ഞു.
”എല്ലാ വിധത്തിലും അവളെ ഭീഷണിപ്പെടുത്തിയെന്നാണ് വിശ്വസിക്കുന്നത്. അവന് താത്പര്യം ഇല്ല ഒഴിവാക്കണം എന്ന രീതിയിലാണ് അമ്മയ്ക്ക് മെസേജ് അയച്ചത്. അവളെ നിങ്ങൾ എങ്ങനെയെങ്കിലും പറഞ്ഞ് ഒഴിവാക്ക് എന്നുള്ള രീതിയിൽ. പക്ഷേ അതിന് ശേഷവും സാമ്പത്തിക ചൂഷണം നടന്നിട്ടുണ്ട്. അവർ തമ്മിൽ ഒന്നിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം തെളിവുകളും ബാങ്ക് സ്റ്റേറ്റ്മെന്റ് തെളിവുകളും പൊലീസിന് കൈമാറിയിട്ടുണ്ട്.” ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ പറഞ്ഞു.
”എവിടെവരെ വേണമെങ്കിലും പോകും. ഇനിയിപ്പോ അവളുടെ കല്യാണം നടത്തേണ്ടല്ലോ. അതിന് വേണ്ടി എന്തൊക്കെ ഉണ്ടാക്കിയോ അതെല്ലാം ഇതിന് വേണ്ടി ചെലവാക്കാമല്ലോ. അവളുടെ ആത്മാവിന് സമാധാനം കിട്ടുമെങ്കിൽ അതുവരെ നമ്മള് ചെലവാക്കും. അത് കാത്തുസൂക്ഷിച്ചിട്ട് കാര്യമില്ലല്ലോ.” അച്ഛന്റെ വാക്കുകളിങ്ങനെ.
ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വന്നിരുന്നു. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കി എന്ന വിവരമാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് തയാറാക്കിയത്. വ്യാജ ക്ഷണക്കത്ത് ഉൾപ്പെടെ ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.