കോട്ടയം : കോട്ടയത്ത് ചന്തക്കവലയിൽ ഇന്നലെ(വെള്ളി ) വൈകിട്ട് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു.
നട്ടാശ്ശേരി ഇഞ്ചേരികുന്ന് പാറയിൽ അജയൻ്റെ മകൾ അഞ്ജലി അജയ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണ് അപകടം സംഭവിച്ചത് . ചങ്ങനാശേരിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്.
ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്ത് ബസ് വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്.
പരിക്കേറ്റ 5 പേർ ജില്ലാ ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. പരേതയായ സന്ധ്യയാണ് അഞ്ജലിയുടെ മാതാവ്
