എം.എൽ.എ ഫണ്ടിൽ കെ.എസ്.ആർ.ടി.സി ബസ്… സംസ്ഥാനത്ത് ആദ്യമായി എം.എൽ.എ ഫണ്ട് കൈമാറി…

കോഴിക്കോട്: എം.എൽ.എമാരുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി ബസ് വാങ്ങാൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെ പദ്ധതി നടപ്പാക്കി കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺകുമാർ.

സംസ്ഥാനത്ത് ആദ്യമായി കെ.എസ്.ആർ.ടി.സി ബസ് വാങ്ങുന്നതിനായി എം.എൽ.എ ഫണ്ട് അനുവദിച്ചത് കൊയിലാണ്ടിയിൽ നിന്നാണെന്ന് എം.എൽ.എ അറിയിച്ചു.

40 ലക്ഷം രൂപയാണ് ബസ് വാങ്ങുന്നതിനായി അനുവദിച്ചത്. ഇതുസംബന്ധിച്ച തുക എം.എൽ.എ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിക്ക് കൈമാറി. ഓരോ എം.എൽ.എയ്ക്കും മൂന്ന് ബസുകൾ വരെ വാങ്ങാൻ പ്രാദേശിക വികസനഫണ്ട് അനുവദിക്കാമെന്നാണ് സർക്കാർ ഉത്തരവ്.

ബസ് വാങ്ങുന്നതിനുള്ള തുടർനടപടികൾ കളക്ടറും ഗതാഗതവകുപ്പും ചേർന്നാണ് നടത്തുക. ബസിന്റെ വലുപ്പം ഉൾപ്പെടെയുള്ള സാങ്കേതിക കാര്യങ്ങൾ ഗതാഗതവകുപ്പാണ് തീരുമാനിക്കുക. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് വാങ്ങുന്ന ആദ്യ കെ.എസ്.ആർ.ടി.സി ബസ് രണ്ടുമാസത്തിനകം കൊയിലാണ്ടിയിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ. പ്രവീൺകുമാർ പറഞ്ഞു.

ഏത് റൂട്ടിലായിരിക്കും സർവീസ് എന്നത് പിന്നീട് തീരുമാനിക്കും. ജനപ്രതിനിധികളുമായി ആലോചിച്ചായിരിക്കും റൂട്ട് നിശ്ചയിക്കുക. കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കണമെന്ന ആവശ്യവും ഇതിനോടകം ഉയർന്നിട്ടുണ്ട്.

അതേസമയം, ബസ് വാങ്ങുന്നതിനുള്ള തുക സ്വകാര്യ വ്യക്തികളിൽനിന്ന് സ്പോൺസർഷിപ്പായി സമാഹരിക്കാനും എം.എൽ.എമാർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ കൊയിലാണ്ടിയിലെയും സമീപപ്രദേശങ്ങ ളിലെയും യാത്രക്കാർക്ക് കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!