12 വർഷത്തെ ഇടവേളയ്ക്കുശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി നസ്രിയ നസീം. ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തമിഴ് സിനിമയിലേക്കുള്ള മടങ്ങിവരവ്.
സൂര്യയും നസ്ലിനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ദുബായിൽ നടന്ന പ്രമോഷൻ പരിപാടിയിലാണ് താരം തന്റെ സന്തോഷം തുറന്നുപറഞ്ഞത്.ചെന്നൈയിൽ ജനിച്ചുവളരുകയും പഠിക്കുകയും ചെയ്തതിനാൽ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്ന് നസ്രിയ പറഞ്ഞു.
12 വർഷത്തിനുശേഷം ഒരു തമിഴ് സിനിമ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അതിന് അവസരം നൽകിയ സംവിധായകൻ ജിത്തു മാധവനോട് നന്ദിയുണ്ടെന്നും താരം വ്യക്തമാക്കി.
‘സീൻ’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ മികച്ചൊരു യാത്രയായിരുന്നുവെന്നും നസ്രിയ പറഞ്ഞു. ചിത്രത്തിൽ ഒപ്പം പ്രവർത്തിച്ച സൂര്യയ്ക്കും നസ്ലിനും താരം നന്ദി അറിയിച്ചു. നവംബർ ആറിന് ചിത്രം തിയറ്ററുകളിലെത്തുമ്പോൾ എല്ലാവരും സിനിമ കാണണമെന്നും ചിരിച്ച് മണ്ണുകപ്പുന്ന തരത്തിലുള്ള രസകരമായ അനുഭവമായിരിക്കും ചിത്രമെന്നും നസ്രിയ കൂട്ടിച്ചേർത്തു.
സൂര്യയോടൊപ്പമുള്ള അഭിനയാനുഭവവും നസ്രിയ പങ്കുവച്ചു. സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ തങ്ങളെല്ലാം സൂര്യയുടെ ആരാധകരാണെന്ന് പറഞ്ഞ താരം, സിനിമയെ ഗൗരവമായി സമീപിക്കാൻ തുടങ്ങിയപ്പോഴും തന്റെ കരിയറിനെ സ്വാധീനിച്ച വ്യക്തികളിൽ ഒരാളായിരുന്നു സൂര്യയെന്നും വ്യക്തമാക്കി.
മികച്ച നടൻ എന്നതിലുപരി അതിഗംഭീര വ്യക്തിത്വത്തിന് ഉടമയാണ് സൂര്യയെന്നും അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞത് വലിയ സന്തോഷമാണെന്നും നസ്രിയ പറഞ്ഞു.തമിഴ് സിനിമയിലേക്കുള്ള നസ്രിയയുടെ തിരിച്ചുവരവ് ആരാധകർക്കിടയിലും ശ്രദ്ധ നേടുകയാണ്. മലയാളത്തിലും തമിഴിലുമായി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നസ്രിയയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.
