വിമാനത്തിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാം; തുടർച്ചയായി മൂന്നാം വർഷവും അനുമതി നൽകി കേന്ദ്ര സർക്കാർ…

ന്യൂഡൽഹി : ശബരിമല തീർഥാടകർക്ക് വിമാനത്തിന്റെ ക്യാബിനുള്ളിൽ ഇരുമുടിക്കെട്ട് കൊണ്ടുപോകാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. തുടർച്ചയായ മൂന്നാം വർഷമാണ് ഈ ഇളവ് അനുവദിക്കുന്നത്.

കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച ഉത്തരവും മന്ത്രി സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവച്ചു.

അയ്യപ്പഭക്തരുടെ വിശ്വാസത്തെയും ആചാരങ്ങളെയും മാനിച്ചാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ഇരുമുടിക്കെട്ട് വിമാനത്തിനുള്ളിൽ കൊണ്ടുപോകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബിസിഎഎസ്), സിഐഎസ്എഫ്, വിമാനത്താവള നടത്തിപ്പുകാർ തുടങ്ങിയ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

ശബരിമല തീർഥാടനത്തിന് എത്തുന്ന ഭക്തർക്ക് യാത്ര കൂടുതൽ സുഗമമാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. നൂറ്റാണ്ടുകളായി തുടർന്നുവരുന്ന വിശ്വാസപരമായ ആചാരമാണ് അയ്യപ്പഭക്തർ ഇരുമുടിക്കെട്ട് ഏന്തുന്നത്. ഭക്തരുടെ മതവികാരങ്ങൾ പരിഗണിച്ചാണ് വിമാനയാത്രയിലും ഇരുമുടിക്കെട്ട് കൈവശം കൊണ്ടുപോകാനുള്ള അനുമതി തുടരാൻ തീരുമാനിച്ചതെന്നും മന്ത്രി എക്സിലെ കുറിപ്പിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!