വനംമന്ത്രി മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ 4 പേർക്ക് പരിക്ക്…

കുമളി : വനം – വന്യജീവി വാരാഘോഷത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തി വനംമന്ത്രി ഷിബു ബേബിജോൺ മടങ്ങിയതിന് പിന്നാലെ പരിപാടി നടന്ന സ്ഥലത്ത് അപകടം.

പന്തൽ തകർന്നുവീണ് രണ്ട് പോലീസുകാർക്ക് ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. വനംമന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷ പരിപാടിക്കായി ഉയർത്തിയ പന്തലാണ് തകർന്നു വീണത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി ഏതാനും മിനിറ്റുകൾക്കകമാണ് അപകടം. പരിപാടി കഴിഞ്ഞ ശേഷമായിരുന്നു പന്തല്‍ വീണതെന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

പന്തല്‍ പൂര്‍ണ്ണമായും നിലംപതിക്കുകയായിരുന്നു. പരിപാടിയുടെ മൈക്ക്‌സെറ്റും കസേരകളുമെല്ലാം തകര്‍ന്ന പന്തലിന് അടിയിലായി. പന്തല്‍ തകർന്നുവീഴുമ്പോള്‍ ഇതിനുള്ളിൽ ഉണ്ടായിരുന്ന പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.

പരിപാടിക്ക് വേണ്ടി തൽക്കാലത്തേക്ക് നിർമ്മിച്ച പന്തലാണ് തകർന്നത്. കട്ടപ്പനയില്‍ നിന്നുള്ളവരാണ് പന്തലിന്റെ കരാര്‍ ഏറ്റെടുത്തത്. നിര്‍മ്മാണത്തിലെ അപാകതയാണ് പന്തല്‍ വീഴാന്‍ കാരണമായതെന്നാണ് ലഭ്യമാകുന്ന വിവരം. വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായി എന്ന വിമർശവും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!