വാഷിങ്ടണ്‍: ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ കാലിഫോര്‍ണിയയില്‍ ആരംഭിച്ച പ്രക്ഷോഭം കത്തിപ്പടര്‍ന്നതോടെ ലൊസാഞ്ചലസില്‍ യുദ്ധസമാനമായ അന്തരീക്ഷം. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പാതകള്‍ ഉപരോധിക്കുകയും ചെയ്തതോടെ ലൊസാഞ്ചലസ് തെരുവുകള്‍ പലയിടത്തും യുദ്ധക്കളമായിമാറി.
പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ച് സംഘര്‍ഷം നിയന്ത്രിക്കാനുള്ള പൊലീസിന്റെ ശ്രമം പാളിയതോടെ സൈന്യത്തെ വിന്വസിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉത്തരവിടുകയായിരുന്നു.
സംഘര്‍ഷം നിയമന്ത്രിക്കാന്‍ അധികൃതര്‍ സൈന്യത്തെ ഉള്‍പ്പെടെ വിന്യസിക്കാന്‍ ആരംഭിച്ചതോടെ ലൊസാഞ്ചലസിന് പുറത്തേക്കും പ്രതിഷേധങ്ങള്‍ വ്യാപിക്കുന്ന കാഴ്ചയാണ് ഞായറാഴ് രാത്രി ഉണ്ടായത്. പാരാമൗണ്ട്, കോംപ്റ്റണ്‍ പോലുള്ള സമീപ പട്ടണങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ലൊസാഞ്ചലസിലെ ഫ്രീവേകള്‍ ഉള്‍പ്പെടെ സമരക്കാര്‍ ഉപരോധിച്ചതോടെ നടപടി കര്‍ശനമാക്കുകയാണ് സുരക്ഷാസേന. പ്രതിഷേധക്കാര്‍ ഉടന്‍ നഗരം വിടണമെന്ന് സുരക്ഷാ സേന ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ ലോസാഞ്ചല്‍സില്‍ സംഘര്‍ഷം കത്തിപ്പടരുകയായിരുന്നു. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍, ഫ്‌ലാഷ് ബാങ്ങുകള്‍ എന്നിവ പ്രയോഗിച്ചു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിനമാണ് സംഘര്‍ഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറല്‍ സൈനികര്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കു ശേഷം ആളുകളെ കസ്റ്റഡിയിലെടുത്ത ലൊസാഞ്ചലസ് നഗരത്തിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിനു പുറത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ലൊസാഞ്ചലസ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തോക്കുകള്‍ കയ്യിലെടുത്തു. നിയമവിരുദ്ധമായി ഒത്തുകൂടിയതിനാല്‍ ഉടന്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഫ്രീവേയിലെ ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ നീക്കി ഗതാഗതം സുഗമമാക്കി.
അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റുചെയ്ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യവകുപ്പ് (ഐസിഇ) പാരമൗണ്ടില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ട്രംപ് രണ്ടായിരത്തോളം ദേശീയ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചു. പ്രതിഷേധമടക്കാനാകാഞ്ഞത് സംസ്ഥാനം ഭരിക്കുന്ന ഡെമോക്രാറ്റിക് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ട്രംപ് വിമര്‍ശിച്ചു.
