ഗ്യാനേഷ് കുമാറിനെതിരായ പരാതി; പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ വിജിലന്‍സ്

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പുനരന്വേഷണത്തില്‍ പ്രാഥമിക നടപടികള്‍ തുടങ്ങാന്‍ വിജിലന്‍സ്. പരാതി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് വിജിലന്‍സ് ഡയറക്ടറേറ്റിന് കൈമാറി.

2006ല്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കെഎസ്ടിപിയില്‍ നടന്ന ഇടപാടുകളിലാണ് അന്വേഷണം. കെഎസ്ടിപിയുടെ ഭാഗമായി എംസി റോഡ് വികസനത്തിന് കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയുടെ എന്‍ജിനിയര്‍ ലീ സീ ബീന്‍ ആത്മഹത്യ ചെയ്തത് ഗ്യാനേഷ് കുമാറിന്റെ കൂടി ഇടപെടല്‍ കാരണമാണെന്ന ആരോപണമാണ് കേസിന് അടിസ്ഥാനം.

ഇന്നലെയാണ് ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ ഗ്യാനേഷ് കുമാറിനറെ രാജിക്കായി പ്രതിപക്ഷപാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമ്പോഴാണ് കേരളത്തില്‍ അന്വേഷണം നടക്കുന്നത്. ഹൈക്കമാന്റുമായുള്ള ആലോചനക്ക് ശേഷമാണ് ഗ്യാനേഷ് കുമാറിനെതിരെ രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കെപിസിസി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാലാണ് കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയത്.

2006ല്‍ കേരളം വലിയരീതിയില്‍ ചര്‍ച്ച ചെയ്തതാണ് മലേഷ്യന്‍ കമ്പനി പതിബെല്‍ ഉള്‍പ്പെട്ട കെഎസ് ടിപി അഴിമതി ആരോപണം. ലോകബാങ്ക് സഹായത്തോടെ എംസി റോഡിലെ 127 കിലോമീറ്റര്‍ നിര്‍മ്മാണം 215 കോടിക്കുള്ള കരാര്‍ ആയിരുന്നു പതിബെല്‍ കണ്‍സോര്‍ഷ്യത്തിന് ലഭിച്ചത്. ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച വന്നു. പിന്നാലെ കമ്പനിയുടെ 17 കോടിയുടെ ബില്ലുകള്‍ തടഞ്ഞു. പിഡബ്ല്യുഡി സെക്രട്ടറി ഗ്യാനേഷ് കുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കമ്പനിയുടെ ആരോപണം.

സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് പതിബെല്‍ ചിഫ് എഞ്ചിനിയറായിരുന്ന ലീ സി ബിന്‍ ആത്മഹത്യ ചെയ്തത്. മലേഷ്യയിലെ സുബാങ് ജയ പാര്‍ക്കിലെ തടാകത്തിന് സമീപത്തെ ഇരുമ്പ് പാലത്തിലായിരുന്നു തൂങ്ങിമരണം. കമ്പനി മേധാവി റോസ് ലീക്കും ഭാര്യക്കും രണ്ട് ആത്മഹത്യാകുറിപ്പുകള്‍ ബിന്‍ എഴുതിയിരുന്നു. രണ്ടിലും ഗ്യാനേഷ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞിരുന്നതായി അന്നേ വിവരമുണ്ടായിരുന്നു. സംഭവത്തില്‍ അന്ന് കേസെടുത്ത വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം പിന്നീട് മുന്നോട്ടുപോയിരുന്നില്ല. അന്നത്തെ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകളാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പ് വീണ്ടെടുക്കാന്‍ ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!