വൈക്കത്തിന്റെ ജലസൗന്ദര്യം ഇനി കുറഞ്ഞ ചെലവില്‍ കൂടുതല്‍ സഞ്ചാരികളിലേക്ക്‌…

കോട്ടയം : കായലും പുഴകളും കനാലുകളും തുരുത്തുകളും ചേര്‍ന്ന വൈക്കത്തിന്റെ ജലസൗന്ദര്യം ഇനി കുറഞ്ഞ ചെലവില്‍ കൂടുതല്‍ സഞ്ചാരികളിലേക്ക്‌ എത്തിക്കാന്‍ ജലഗതാഗത വകുപ്പ്‌.

വിദേശ, ആഭ്യന്തര വിനോദസഞ്ചാരികളുടെ വൈക്കത്തേക്കുള്ള വരവ്‌ വര്‍ധിക്കുന്ന സാഹചര്യത്തിലാണ്‌ ബജറ്റ്‌ ടൂറിസം പദ്ധതിയുമായി ജലഗതാഗത വകുപ്പ്‌ രംഗത്തെത്തുന്നത്‌.

വൈക്കം കെഎസ്‌ആര്‍ടിസി ബജറ്റ്‌ ടൂറിസം പദ്ധതിക്ക്‌ ലഭിച്ച മികച്ച പ്രതികരണത്തില്‍ നിന്ന്‌ പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ ജലഗതാഗത വകുപ്പും വൈക്കത്തെ വിനോദസഞ്ചാര മേഖലയ്‌ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌. മുറിഞ്ഞപുഴ, പാതിരാമണല്‍, തണ്ണീര്‍മുക്കം ബണ്ട്‌, വിവിധ തുരുത്തുകള്‍, പാലാക്കരി ഫിഷ്‌ ഫാം തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ കൂട്ടിയിണക്കി ജലടൂറിസം പാക്കേജ്‌ ഒരുക്കാനാണ്‌ പദ്ധതി.

ഇതിനായി തയ്യാറാക്കുന്ന ‘വേഗ ത്രീ ‘ സോളാര്‍ ബോട്ടിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്‌.കൂടാതെ, വൈക്കം – എറണാകുളം സര്‍വീസ്‌ അവസാനിപ്പിച്ച് വേഗ 120 ഹൈസ്‌പീഡ്‌ എസി ബോട്ട്‌ വിനോദസഞ്ചാര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും പരിഗണനയിലുണ്ട്‌.

നിലവില്‍ സ്വകാര്യ ബോട്ടുകളില്‍ വൈക്കം കായലിലും പുഴകളിലും സഞ്ചരിക്കാന്‍ ഒരാള്‍ക്ക്‌ ഏകദേശം 1000 രൂപ വരെ ഈടാക്കുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ ജലഗതാഗത വകുപ്പിന്റെ ബജറ്റ്‌ ടൂറിസം സര്‍വീസ്‌ കുറഞ്ഞ നിരക്കില്‍ നടത്താന്‍ കഴിയുമെന്നാണ്‌ അധികൃതരുടെ വിലയിരുത്തല്‍.

വൈക്കം ജെട്ടിയില്‍നിന്ന്‌ മുറിഞ്ഞപുഴ വഴി പാലാക്കരി ഫിഷ്‌ ഫാം, തണ്ണീര്‍മുക്കം ബണ്ട്‌, വിവിധ തുരുത്തുകള്‍, പാതിരാമണല്‍ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ജലയാത്രയാണ്‌ ലക്ഷ്യമിടുന്നത്‌. പദ്ധതി അധികം വൈകാതെ ആരംഭിക്കാനാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.

കരിയാറിലൂടെ വേമ്പനാട്ടുകായലിലേക്കും സഞ്ചാരികളുടെ പ്രിയപ്പെട്ട മുണ്ടാറിലേക്കും എത്തുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിക്കുകയാണ്‌.മുറിഞ്ഞപുഴ, ഇത്തിപ്പുഴ, പുത്തന്‍കായല്‍, വൈക്കം കായലോര ബീച്ച്‌ തുടങ്ങിയ കേന്ദ്രങ്ങളും ഇതിനോടകം സഞ്ചാരികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!