കൊടുങ്ങൂർ : സ്കൂൾ പഠനം പൂർത്തിയാക്കി ആറ് പതിറ്റാണ്ടു കഴിഞ്ഞ സഹപാഠികൾ തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ തൃണവൽക്കരിച്ച് ഒത്തുകൂടി.
ആനിക്കാട് എൻ എസ്.എസ് ഹൈസ്കൂളിലെ 1965 -66 എസ്.എസ്.എൽ.സി ബാച്ച് ഡി – ഡിവിഷനിലെ കുട്ടികളാണ് ഇന്നലെ കൊടുങ്ങൂരിൽ സംഗമിച്ചത്. നിരവധി പഴയകാല ഓർമ്മകൾ പരസ്പരം പങ്കുവെയ്ക്കാൻ സംഗമം വഴിയൊരുക്കി.
തങ്ങളോടൊപ്പം പഠിച്ച ഇഹലോകവാസം വെടിഞ്ഞ അഞ്ച് സുഹൃത്തുക്കളെയും അധ്യാപകരെയും അനുസ്മരിച്ചു കൊണ്ടാണ് സംഗമത്തിന് തുടക്കം കുറിച്ചത് മുഖ്യ സംഘാടകനും കൃഷി വകുപ്പ് മുൻ അസിസ്റ്റൻ്റ് ഡയറക്ടറുമായ പി.ജെ. ജോസഫ് ആമുഖ പ്രസംഗം നടത്തി.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ചിൽ പ്രിൻസിപ്പൽ സയൻ്റിസ്റ്റായി സേവനം അനുഷ്ഠിച്ച് ഉരുളക്കിഴങ്ങ് കൃഷിയിൽ ഗവേഷണം നടത്തി അത്യുല്പാദന ശേഷിയുള്ള നിരവധി ഇനങ്ങൾക്ക് ജന്മം നൽകിയ സഹപാഠി ഡോ: റ്റി. എ ജോസഫിനെയും സംഗമത്തിന് ആതിഥേയത്വം നിർവഹിച്ച രമാദേവി – കുറുപ്പ് ദമ്പതികളെയും പൊന്നാട അണിയിച്ച് ആദരിച്ചു.
കെ.രമാദേവി , ആനിക്കാട് ഗോപിനാഥ്, പാസ്റ്റർ വർഗീസ് കൂരോപ്പട, ഇ ജെ ഏബ്രഹാം, എം. ആർ. സോമനാഥൻ നായർ, ഡോ.റ്റി.എ. ജോസഫ്, കെ. മംഗളാംബിക , ഇ.ജി. ആനന്ദവല്ലി അമ്മ പി.എൻ. ശിവൻ കോത്തല എന്നിവർ പ്രസംഗിച്ചു.
