ലക്നൗ : 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ വോട്ടർമാരെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിനായി സംസ്ഥാനത്തെ 403 നിയോജകമണ്ഡലങ്ങളിലും വനിതാ ‘വിസ്താരകരെ’ (മുഴുവൻ സമയ പ്രവർത്തകർ) നിയോഗിക്കാൻ ഭാരതീയ ജനതാ പാർട്ടിയുടെ പദ്ധതി.
ബി.ജെ.പി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടത്തുന്ന ഈ വിപുലമായ പ്രചാരണ പരിപാടിയിലൂടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ വീടുകൾ തോറും കയറിയിറങ്ങി വനിതാ വോട്ടർമാരുമായി നേരിട്ട് സംവദിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ ആകെ വോട്ടർമാരിൽ പകുതിയോളം വരുന്ന സ്ത്രീകളുടെ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം, സംഘടനാ തലത്തിൽ നിയമിക്കുന്ന വിസ്താരകരിൽ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളെ ഉൾപ്പെടുത്താനും ബി.ജെ.പി തീരുമാനിച്ചു.
കേന്ദ്ര സർക്കാരും യോഗി ആദിത്യനാഥ് സർക്കാരും നടപ്പിലാക്കിയ സ്ത്രീ സുരക്ഷാ നടപടികളും വിവിധ ക്ഷേമപദ്ധതികളും വനിതാ വിസ്താരകർ വോട്ടർമാരിലേക്ക് എത്തിക്കും. സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളായ സ്ത്രീകളെ നേരിട്ട് കണ്ട് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനും അവരെ പാർട്ടി സംഘടനയുമായി ചേർത്തുനിർത്തുന്നതിനുമാണ് ഈ പ്രവർത്തനത്തിലൂടെ മുൻഗണന നൽകുന്നത്.
ബൂത്ത് തലം മുതൽ നിയമസഭാ മണ്ഡലം വരെ വനിതാ പ്രവർത്തകരുടെ സാന്നിധ്യം ശക്തമാക്കുന്നതിലൂടെ താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഈ പ്രചാരണ തന്ത്രത്തിന് അന്തിമരൂപം നൽകുന്നതിനായി നവംബർ 20-ന് വെള്ളിയാഴ്ച ലഖ്നൗവിൽ ബി.ജെ.പി മഹിളാ മോർച്ചയുടെ സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കുന്നുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, സഹ-ചുമതലയുള്ള എം.പി മേധാ കുൽക്കർണി, മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ സരോജ് കുശ്വാഹ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്ത് പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശം നൽകും.
നേരത്തെ മഥുരയിൽ നടന്ന രണ്ട് ദിവസത്തെ ചിന്തൻ ശിബിരത്തിലും യുവാക്കൾ, കന്നി വോട്ടർമാർ, സ്ത്രീകൾ എന്നിവരെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ബി.ജെ.പി രൂപം നൽകിയിരുന്നു.
