നാരായണ പെരുവണ്ണാന്‍ ‘കതിവനൂര്‍ വീര’ന്റെ വേഷം അഴിക്കുന്നു; ഐതിഹാസിക തെയ്യക്കാലത്തിന് അമേരി പള്ളിയറക്കാവില്‍ വിരാമം

കണ്ണൂര്‍ : കതിവനൂര്‍ വീരനായി ഒരിക്കല്‍ കൂടി കെട്ടിയാടി ഇതിഹാസ സമാനമായ കാലത്തിനു വിരാമം കുറിക്കാനൊരുങ്ങി പത്മശ്രീ ഇപി നാരായണ പെരുവണ്ണാന്‍. 21ാം വയസില്‍ കതിവനൂര്‍ വീരന്റെ വേഷം കെട്ടിയാടാന്‍ ആരംഭിച്ച അദ്ദേഹം 71ാം വയസിലെത്തി നില്‍ക്കുമ്പോഴാണ് ആ വേഷം അവസാനമായി കെട്ടിയാടാനൊരുങ്ങുന്നത്. ഈ മാസം 6, 7 തീയതികളില്‍ ഇരിട്ടി അമേരി പള്ളിയറക്കാവിലാണ് അദ്ദേഹം അവസാനമായി കതിവനൂര്‍ വീരനായി വേഷമിടുന്നത്.

പോരാളിയായ കതിവനൂര്‍ വീരന്റെ തെയ്യക്കോലത്തില്‍ കഴിഞ്ഞ 50 വര്‍ഷമായി നാരായണ പെരുവണ്ണാന്‍ നിറഞ്ഞാടുകയായിരുന്നു. പല തലമുറകളെ മാസ്മരികാവസ്ഥയിലേക്ക് നയിച്ചതാണ് അദ്ദേഹത്തിന്റെ കതിവന്നൂര്‍ വീരന്‍ തെയ്യക്കോലം. ഒരേ സമയം മെയ്‌വഴക്കത്തിന്റേയും ഭക്തിയുടേയും ആഴത്തിലുള്ള സങ്കലനമാണ് ഓരോ കാവരങ്ങുകളും.

അദ്ദേഹത്തിന്റെ ഊര്‍ജസ്വലമായ ചലനങ്ങളും വേഷപ്പകര്‍ച്ചയുടെ തീവ്രവതയും ഭക്തര്‍ക്ക് അനുഭവിക്കാനുള്ള അവസാന അവസരം കൂടിയായി പള്ളിയറക്കാവിലെ അരങ്ങ് മാറും.

‘കതിവനൂര്‍ വീരന്‍, മുച്ചിലോട്ട് ഭഗവതി കോലങ്ങള്‍ ശ്രേഷ്ഠമായ രണ്ട് തെയ്യങ്ങളാണ്. എല്ലാവരും ഈ വേഷങ്ങള്‍ കെട്ടിയാടാറില്ല. അപൂര്‍വം ചിലര്‍ക്ക് മാത്രമാണ് അതിനുള്ള നിയോഗം കിട്ടാറുള്ളത്. പാരമ്പര്യമായി കൈമാറി കിട്ടുന്ന നിയോഗമാണ് ഈ വേഷങ്ങള്‍ ആടുക എന്നത്. ശരീരിക കരുത്തും മനഃസാന്നിധ്യവും ആവേളം ആവശ്യമുള്ള വേഷമാണ് കതിവനൂര്‍ വീരന്റേത്. പ്രകടനത്തിന്റെ  പ്രകടനത്തിന്റെ ദൈര്‍ഘ്യവും സഹിഷ്ണുതയുമൊക്കെ പ്രവചിക്കുക പോലും അസാധ്യമാണ്’- അദ്ദേഹം  പറഞ്ഞു.

‘അനവധി കാവുകളില്‍ തുടര്‍ച്ചയായി പല തെയ്യക്കോലങ്ങള്‍ കെട്ടിയാടാനുള്ള അനുഗ്രഹം എനിക്കു കിട്ടിയിട്ടുണ്ട്. എന്നാല്‍ കോവിഡിനു ശേഷം ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടിയതോടെ വേഷം കെട്ടുന്നത് കുറച്ചു. മുച്ചിലോട്ട് ഭഗവതി അടക്കമുള്ള വലിയ കോലങ്ങള്‍ മാത്രം കെട്ടുന്നതിനാണ് പിന്നീട് ഞാന്‍ ശ്രദ്ധ കൊടുത്തത്. കതിവനൂര്‍ വീരന്‍  പോലെയുള്ള കോലങ്ങള്‍ വൈകാരികമായ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതാണ്. അതു കെട്ടിയാടാന്‍ ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ തിരഞ്ഞെടുത്ത ചില കാവുകളില്‍ മാത്രമാണ് ഇപ്പോള്‍ ഇത്തരം കോലങ്ങള്‍ കെട്ടുന്നത്.

പ്രിയപ്പെട്ടവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഇപ്പോള്‍ അമേരി പള്ളിയറക്കാവില്‍ അവസാനമായി ഒരിക്കല്‍ കൂടി കതിവനൂര്‍ വീരന്റെ കോലമണിയാന്‍ ഞാന്‍ തീരുമാനിച്ചത്. അടുത്ത തലമുറയിലേക്ക് ഈ മഹത്തായ പാരമ്പര്യം കൈമാറി, വഴി മാറാനുള്ള സമയമായി’- അദ്ദേഹം വ്യക്തമാക്കി.

സമീപ കാലത്ത് യുഎഇയില്‍ അജ്മാനില്‍ തെയ്യം കെട്ടിയാടിയതിന്റെ പേരില്‍ പല ക്ഷേത്ര കമ്മിറ്റികളും നാരായണന്‍ പെരുവണ്ണാനെതിരെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിനു ചിലയിടങ്ങളില്‍ വിലക്കും വന്നിരുന്നു. ആചാര ലംഘനമെന്ന ആരോപണമാണ് അദ്ദേഹത്തിനു കേള്‍ക്കേണ്ടി വന്നത്. വിവാദങ്ങളെ കുറിച്ചും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.

‘എല്ലാ ആചാരങ്ങളും കൃത്യമായി പാലിച്ചു തന്നെയാണ് ആ പ്രകടനം ഞാന്‍ നടത്തിയത്. നിരവധി കോലധാരികള്‍ വിവിധ വിദേശ രാജ്യങ്ങളില്‍ മുച്ചിലോട്ട് ഭഗവതി അടക്കമുള്ള തെയ്യങ്ങള്‍ കെട്ടിയാടിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെതിരെയൊന്നും ഇത്തരത്തിലുള്ള വിലക്കുകള്‍ വന്നിട്ടില്ല. എനിക്കെതിരെ മാത്രം ഇത്തരമൊരു നിലപാട് എന്തുകൊണ്ടു എടുത്തു എന്ന് എനിക്കു മനസിലാകുന്നില്ല.’

‘പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര അധികാരികള്‍ എന്റെ സ്ഥാനത്ത് തെയ്യം അവതരിപ്പിക്കാന്‍ മറ്റൊരു കോലധാരിയെ ക്ഷണിച്ചതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. കുറഞ്ഞപക്ഷം എനിക്ക് ലഭിച്ച പത്മശ്രീ പരമ്പരാഗത സമൂഹത്തിനുള്ള അംഗീകാരമാണ് എന്നെങ്കിലും അവര്‍ തിരിച്ചറിയണമായിരുന്നു’- അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!