തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം കനത്ത തോതിൽ പെയ്യാതെ കടന്നുപോയതോടെ കേരളത്തിൽ വരൾച്ച പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി.
ജൂൺ മുതൽ സെപ്റ്റംബർ വരെ ലഭിക്കേണ്ടിയിരുന്ന മഴയിൽ 28 ശതമാനത്തിന്റെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ അതോറിറ്റി ഒന്നാംഘട്ട വരൾച്ചാ പ്രഖ്യാപനത്തിനുള്ള ശുപാർശ നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ നദികൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ ജലനിരപ്പ്, ഭൂഗർഭജലത്തിന്റെ ലഭ്യത, കൃഷിനാശം തുടങ്ങിയവ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക.
ഒക്ടോബറിന് ശേഷം നടത്തുന്ന രണ്ടാംഘട്ട വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും കേരളമാകെ വരൾച്ചാബാധിത പ്രദേശമായി പ്രഖ്യാപിക്കണമോ, അതോ ചില ജില്ലകളിൽ മാത്രം പ്രഖ്യാപനം നടത്തണമോ എന്നതിൽ അന്തിമ തീരുമാനം.ഇത്തവണ എടവപ്പാതിയിൽ കേരളത്തിന് ലഭിച്ചത് 1446.5 മില്ലീമീറ്റർ മഴ മാത്രമാണ്. 2018.6 മില്ലീമീറ്റർ മഴയാണ് സാധാരണയായി ലഭിക്കേണ്ടിയിരുന്നത്.
