കരുവാറ്റ കൊലപാതകത്തിൽ പതിമൂന്നുകാരിയുടെ ഞെട്ടിക്കുന്ന മൊഴി…

ആലപ്പുഴ: കരുവാറ്റയിൽ അറുപത്തിയേഴുകാരനായ മുത്തച്ഛൻ കൊലചെയ്യപ്പെട്ട കേസിൽ പ്രതിയായ പതിമൂന്നുകാരിയുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്.

വീട്ടിലെ സ്വർണം മോഷ്ടിക്കാൻ താൻ ശ്രമിക്കുന്നത് മുത്തച്ഛൻ കണ്ടതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിയോടെയായിരുന്നു ചോദ്യം ചെയ്യൽ.

വീട്ടിലെ സ്വർണം മോഷ്ടിച്ച് തനിക്ക് ഐഫോണും ആൺസുഹൃത്തിന് ബൈക്കും വാങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇതിനായി ഓഗസ്റ്റ് 14-ന് രാത്രി മുത്തച്ഛൻ പുറത്തുപോയ സമയത്ത് സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് അലമാര തുറക്കാൻ പെൺകുട്ടി ശ്രമിച്ചു. എന്നാൽ ഈ സമയം തിരിച്ചെത്തിയ മുത്തച്ഛൻ ഇത് കണ്ട് ശാസിക്കുകയും, സംഭവം അമ്മയെയും ബന്ധുക്കളെയും അറിയിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

മോഷണവിവരം പുറത്തറിയുമെന്ന ഭയവും, ഇനി സ്വർണം നഷ്ടമായാൽ അതെടുത്തത് താനാണെന്ന് മുത്തച്ഛൻ മനസ്സിലാക്കുമെ ന്നതും കൊലപാതകം ആസൂത്രണം ചെയ്യാൻ പെൺകുട്ടിയെ പ്രേരിപ്പിച്ചു. പിറ്റേദിവസം തന്നെ മോഷണം നടത്തിയില്ലെങ്കിൽ സ്വർണം കിട്ടില്ലെന്നും, കൂടാതെ തന്നോടു മോശമായി പെരുമാറിയതിനാൽ മുത്തച്ഛനെ കൊലപ്പെടുത്തണമെന്നും കൊല്ലത്തുള്ള ആൺസുഹൃത്തിനെ പെൺകുട്ടി അറിയിച്ചു.

തുടർന്ന് വീടിന്റെ ലൊക്കേഷൻ വാട്സാപ്പിൽ അയച്ചുകൊടുക്കുകയും ചെയ്തു.സംഭവദിവസം രാവിലെ കരുവാറ്റയിൽ തന്നെയുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയ പെൺകുട്ടി, അന്നു രാത്രിയാണ് കൊല്ലം സ്വദേശിയായ ആൺസുഹൃത്തുൾപ്പെടെ മൂന്നുപേർ ചേർന്ന് കൊലപാതകം നടത്തിയതെന്ന് വ്യക്തമാക്കി.

വീട്ടിൽ സ്വർണം സൂക്ഷിച്ച അലമാര എവിടെയാണെന്ന് കാണിച്ചുകൊടു ക്കാനാണ് ആൺസുഹൃത്ത് വിഡിയോ കോൾ ചെയ്തത്. ഈ സമയത്താണ് മുത്തച്ഛന്റെ മൃതദേഹം വിഡിയോ കോളിൽ കണ്ടതെന്നും പെൺകുട്ടി മൊഴി നൽകി. ഓഗസ്റ്റ് 15-നാണ് ഹരിപ്പാട് കരുവാറ്റയിലെ വാടകവീട്ടിൽ വച്ച് അറുപത്തിയേഴുകാരൻ കൊല്ലപ്പെട്ടത്. കേസിൽ കുറ്റാരോപിതരായ മൂന്ന് കൗമാരക്കാർക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ജാമ്യാപേക്ഷ മൂന്നാം തീയതി പരിഗണിക്കും.

16 വയസ്സിൽ താഴെയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ബാലനീതി നിയമം അനുവദിക്കാത്തതിനാലാണ് കസ്റ്റഡിയിൽ ആവശ്യപ്പെടാതെ ചോദ്യം ചെയ്യൽ മാത്രം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!