ആലപ്പുഴ : പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് സുധാകരന്റെ വീടിന് സമീപത്തുകൂടെയാണ് മുഖ്യമന്ത്രി പോയത്. എന്നാൽ സുധാകരന്‍റെ വീട്ടിൽ പോകാനോ നേതാവിനെ കാണാനോ മുഖ്യമന്ത്രി തയ്യാറായില്ല.
പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ എത്തില്ലെന്ന് സുധാകരൻ അറിയിച്ചിരുന്നു. ഇതിനിടെ പാലം ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സ്ട്രീം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത് സുധാകരന്‍ നീക്കം ചെയ്തു. അനുമതിയില്ലാതെ സിപിഐഎം ജില്ലാ കമ്മിറ്റിയിലെ അഡ്മിന്‍ ലിങ്ക് പങ്കുവെച്ചെന്നാണ് ആരോപണം.
പാലം ഉദ്ഘാടനത്തിന് അല്‍പം മുന്‍പായാണ് സുധാകരന്റെ ഫേസ്ബുക്ക് പേജില്‍ ചടങ്ങിന്റെ ലൈവ് സംപ്രേഷണം പ്രത്യക്ഷപ്പെട്ടത്. പാര്‍ട്ടിയുമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കെ സുധാകരന്റെ ഈ നീക്കം അമ്പരപ്പുണ്ടാക്കിയിരുന്നു. നേരത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ജി സുധാകരനെ ചടങ്ങിന് ക്ഷണിച്ചിരുന്നു. എന്നാല്‍ അനാരോഗ്യം മൂലം വരാന്‍ കഴിയില്ല എന്ന് സുധാകരന്‍ അറിയിക്കുകയായിരുന്നു. ചടങ്ങിന്റെ നോട്ടീസില്‍ സുധാകരന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു.
