കോട്ടയം : മോഷണക്കേസിൽ പ്രതിയായിരുന്നയാൾ കോടതിയിലേക്ക് കൊണ്ടു പോയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥനെ കൈവിലങ്ങ് ഉപയോഗിച്ച് മർദിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്ന കേസിൽ പ്രതിയെ കോടതി വെറുതെവിട്ടു.
പുതുപ്പള്ളി മാളിയേക്കൽ വീട്ടിൽ ദിലീപ് എം പ്രദീപിനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് അനന്ത കൃഷ്ണൻ എസ്. വെറുതെ വിട്ട് ഉത്തരവായത്.
2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം ജില്ലയിലെ മണർകാട് പോലീസ് സ്റ്റേഷനിൽ മോഷണക്കേസിൽ പ്രതിയായിരുന്ന ദിലീപിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറക്കുന്നതിനിടെ റോഡിലേക്ക് ഓടിപ്പോയെന്നാണ് കേസ്.
തുടർന്ന് പിന്നാലെ ഓടിച്ചെന്ന് പിടിച്ചുനിർത്തുന്നതിനിടെ കൈയിൽ ഉണ്ടായിരുന്ന കൈവിലങ്ങ് ഉപയോഗിച്ച് പോലീസുദ്യോഗസ്ഥനെ മർദിക്കുകയും പോലീസ് സ്റ്റേഷൻ പരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിച്ച കോടതി, പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ദിലീപ് എം പ്രദീപനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടത്.
പ്രതിക്കുവേണ്ടി ഡപ്യൂട്ടി ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ അഡ്വ. യദു കൃഷ്ണൻ, അഡ്വ. രാജീവൻ ഡി എന്നിവർ ഹാജരായി.
