ഒതായി മനാഫ് വധക്കേസ്; ഒന്നാം പ്രതി ഷഫീഖ് മാലങ്ങാടന് ജീവപര്യന്തം, പ്രതി പി വി അന്‍വറിന്റെ സഹോദരീപുത്രൻ

മലപ്പുറം: ഒതായി മനാഫ് വധക്കേസില്‍ ഒന്നാം പ്രതി ഷഫീഖ് മാലങ്ങാടന് ജീവപര്യന്തം തടവുശിക്ഷ. മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതിക്ക് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

പിഴത്തുക രണ്ടാം സാക്ഷി ഫാത്തിമയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട മനാഫിന്റെ സഹോദരിയാണ് ഫാത്തിമ. പി വി അന്‍വറിന്റെ സഹോദരീപുത്രനാണ് ഷഫീഖ്. അന്‍വര്‍ അടക്കം കേസില്‍ പ്രതിയായിരുന്നു. അന്‍വറിനെ കേസില്‍ കോടതി വെറുതെ വിടുകയായിരുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടരുന്ന നിയമയുദ്ധത്തിന് ഒടുവിലാണ് വിധി വന്നിരിക്കുന്നത്. കൊലക്കുറ്റം തെളിഞ്ഞതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി. കേസില്‍ ഒന്നാം പ്രതിയായ മാലങ്ങാടന്‍ ഷഫീഖ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മറ്റു മൂന്നു പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. നേരത്തെ കേസില്‍ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

25 വര്‍ഷം ഒളിവിലായിരുന്നു 4 പ്രതികളും. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ പിവി അന്‍വര്‍ അടക്കമുള്ള 21 പ്രതികളെയാണ് നേരത്തെ കോടതി വെറുതെ വിട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!