മുഖ്യമന്ത്രിയെ ചുറ്റി സുരക്ഷാ വലയം മുറുകുന്നു; മാധ്യമ ഇടപെടലുകൾക്കും നിയന്ത്രണം; പുതിയ നീക്കവുമായി ഓഫിസ്…

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മാധ്യമ ഇടപെടലുകൾക്ക് ഇനി പുതിയ ക്രമീകരണം. മാധ്യമങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കുന്നുണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി കൂട്ടത്തോടെ സമീപിക്കുന്ന സാഹചര്യം വർധിച്ചതോടെയാണ് നടപടി.

മന്ത്രിസഭാ യോഗം നടക്കുന്ന എല്ലാ ബുധനാഴ്ചയും യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. ഇതിനു പുറമേ അടിയന്തരമായി പ്രതികരിക്കേണ്ട സാഹചര്യമുണ്ടായാൽ മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചാകും പ്രതികരണം നൽകുക. മുഖ്യമന്ത്രി പോകുന്ന സ്ഥലങ്ങളിലെല്ലാം പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ പിന്നാലെയെത്തുകയും, പ്രതികരണം നൽകാത്തത് തന്നെ വാർത്തയാകുകയും ചെയ്യുന്ന സാഹചര്യം അടുത്ത ദിവസങ്ങളിൽ വർധിച്ചെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിലയിരുത്തൽ.

സിഎംആർഎൽ മേധാവി എസ്.എൻ. ശശിധരൻ കർത്തായിൽനിന്ന് മുഖ്യമന്ത്രി പണം വാങ്ങിയെന്ന ബിജെപി നേതാവ് ഷോൺ ജോർജിന്റെ ആരോപണമാണ് ഇതിന് പിന്നാലെ മാധ്യമശ്രദ്ധ വർധിക്കാൻ കാരണമായ പ്രധാന സംഭവങ്ങളിലൊന്ന്. ആരോപണം ഉയർന്ന സമയത്ത് കൊച്ചിയിലെ ഒരു ചടങ്ങിലായിരുന്നു മുഖ്യമന്ത്രി. ചടങ്ങ് കഴിഞ്ഞതോടെ പ്രതികരണം തേടി മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്ക് ചുറ്റും കൂടുകയായിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് ഇന്റലിജൻസ് വിഭാഗം വിലയിരുത്തി. പിന്നാലെ ഇടുക്കി കളക്ടറേറ്റിലെ യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴും മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിയെ വളഞ്ഞതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.

ഇതോടെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷയിൽ കൂടുതൽ ജാഗ്രത വേണമെന്ന നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് ഇന്റലിജൻസ് എഡിജിപി നൽകിയത്. മാധ്യമപ്രവർത്തകരടക്കം ആളുകൾ അനിയന്ത്രിതമായി മുഖ്യമന്ത്രിയുടെ അടുത്തേക്ക് എത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് നിർദേശം.

പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ സമീപത്തേക്ക് ആളുകൾ എത്തുന്നതിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിലപാടിലാണ് പൊലീസ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷ ശക്തമാക്കണമെന്ന നിർദേശവും ഇന്റലിജൻസ് വിഭാഗം നേരത്തെ മുന്നോട്ടുവച്ചിരുന്നു. എന്നാൽ, വാഹനവ്യൂഹം ശക്തിപ്പെടുത്തുന്നതിനോട് മുഖ്യമന്ത്രി സമ്മതിച്ചിരുന്നില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!