തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇതുവരെയുണ്ടായിരുന്ന ചിത്രങ്ങൾ മാറിമറിയുന്നു. പിണറായി സർക്കാരിന്റെ കാലത്തെ നടപടികൾക്കെതിരെ എന്ന നിലയിലുള്ള അന്വേഷണ ഫ്രെയിം മാറി, മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സിപിഎം പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ തന്നെ നേരിട്ട് അന്വേഷണവിഷയമാകുന്നു.
പത്തുകൊല്ലക്കാലം പൊലീസിനെ നിയന്ത്രിച്ചിരുന്ന മുൻ മുഖ്യമന്ത്രിയും കുടുംബവും പൊലീസ് അന്വേഷണത്തിനു വിധേയനാകുന്നത് രാഷ്ട്രീയമായി വലിയ ചർച്ചയാവുകയാണ്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണമാണ് പാർട്ടി പ്രതീക്ഷിച്ചിരുന്നതെങ്കിലും, ഉന്നതതല ക്രൈംബ്രാഞ്ച് അന്വേഷണവും ഇഡിയുടെ ഇടപെടലുമാണ് ഇപ്പോൾ കാര്യങ്ങൾ മാറ്റിമറിച്ചിരിക്കുന്നത്.
ഇഡിയുടെ കത്തിലെ ഹവാല ആക്ഷേപങ്ങളാണ് ഈ അന്വേഷണത്തിന് വഴിതെളിച്ചത്. ഡിജിപിക്ക് ഇഡി നൽകിയ കത്തിലെ കണ്ടെത്തലുകളും തെളിവുകളും അവഗണിക്കാനാവാത്തതിനാലാണ് സർക്കാർ പ്രാഥമികാന്വേഷണത്തിലേക്ക് കടന്നത്.
എന്നാൽ എഫ്ഐആർ റജിസ്റ്റർ ചെയ്തുള്ള കടുത്ത നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങിയത് ആശ്വാസകരമാണെങ്കിലും, അന്വേഷണത്തിന്റെ ഘട്ടങ്ങളും പുറത്തുവരാവുന്ന വിവരങ്ങളും നിർണായകമാണ്; പ്രത്യേകിച്ചും മുഹമ്മദ് റിയാസിന്.മുൻപ് വി.എസിനും വി.ഡി. സതീശനും എതിരെ വിജിലൻസ് അന്വേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ഇത്തവണ ഒരു കേന്ദ്ര അന്വേഷണ ഏജൻസി കൂടി കക്ഷിയാണെന്നതാണ് പ്രധാന വ്യത്യാസം.
മകളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മരുമകനും അന്വേഷണ പരിധിയിൽ പെടുന്നു എന്നത് പിണറായി വിജയനും ആശങ്ക ഉണ്ടാക്കുന്നതാണ്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പിണറായിക്കും റിയാസിനും കേന്ദ്ര-കേരള നേതൃത്വങ്ങളുടെ പിന്തുണയുണ്ടെങ്കിലും, മുൻ മുഖ്യമന്ത്രിയും കുടുംബവും അന്വേഷണ വലയിലാകുന്നത് പാർട്ടിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനെ രാഷ്ട്രീയ പകപോക്കലായി വിശേഷിപ്പിച്ച് തെരുവിൽ പ്രതിഷേധിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
