തിരുവനന്തപുരം : തലസ്ഥാന നഗരത്തിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും കവർന്ന മോഷ്ടാവിനെ പിടികൂടി പൊലീസ്. കഴിഞ്ഞ മാസം 26 നായിരുന്നു സംഭവം. പി എം ജിയിലെ ഹനുമാൻ ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയുടെ ബാഗിൽ നിന്നും മോഷണം നടത്തിയ അതിയന്നൂർ കുഴിവിള തെങ്കവിള സ്വദേശി സനൽ കുമാർ (50) ആണ് മ്യൂസിയം പൊലീസിന്‍റെ പിടിയിലായത്.
ക്ഷേത്ര ദർശനം നടത്താനെത്തിയ പെൺകുട്ടിയുടെ ബാഗിൽ നിന്നും 70000 രൂപ വില വരുന്ന ആപ്പിൾ ഐ ഫോണും സാംസങ് ഗാലക്സി 113 ഫോണും 10000 രൂപയും മോഷ്ടിച്ചെന്നാണ് പൊലീസിൽ ലഭിച്ച പരാതി. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് സനൽ കുമാർ അറസ്റ്റിലാകുന്നത്. പതിനഞ്ചോളം മോഷണ കേസിൽ പ്രതിയായ സനൽ, മുമ്പും സമാന രീതിയിൽ മോഷണം നടത്തി അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
പ്രതിയെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികളിലാണ് പൊലീസ്. എ സി പി സ്റ്റുവെർട്ട് കീലറിന്‍റെ നേതൃത്വത്തിൽ സി ഐ വിമൽ, എസ് ഐമാരായ വിപിൻ, ബാല സുബ്രഹ്മണ്യം തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
