സീയാറ്റിലിൽ ദീപാവലി ആഘോഷത്തിനിടെ ഇന്ത്യക്കാർക്ക് നേരെ വംശീയ അധിക്ഷേപം ; ചടങ്ങ് തടസ്സപ്പെടുത്തി തീവ്രവലതുപക്ഷ പ്രവർത്തകർ…

*അമേരിക്കയിലെ സീയാറ്റിലിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങൾക്കിടെ അതിക്രമിച്ചു കയറി തീവ്രവലതുപക്ഷ പ്രവർത്തകരുടെ വംശീയ അധിക്ഷേപവും ഭീഷണിയും. സീയാറ്റിൽ സെന്റർ ആർമറിയിൽ സാംസ്കാരിക പരിപാടികളും നൃത്ത പ്രകടനങ്ങളും നടന്നുകൊണ്ടിരിക്കെയാണ് സംഭവം.

തീവ്രവലതുപക്ഷ പ്രവർത്തകരായ ജെയ്ക് ലാങ്, തോമസ് അലൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്ലക്കാർഡുകളുമേന്തി ആഘോഷ നഗരിയിലേക്ക് ഇരച്ചുകയറി പ്രകോപനം സൃഷ്ടിച്ചത്.

ഇന്ത്യൻ വംശജർക്കെതിരെയും ഹിന്ദുക്കൾക്കെതിരെയും വംശീയ അധിക്ഷേപങ്ങൾ എഴുതിയ ബാനറുകളാണ് ഇവർ ഉയർത്തിയത്. ഏഷ്യൻ വംശജരെ അധിക്ഷേപിക്കുന്ന വാചകങ്ങളും അമേരിക്കയിലെ ക്രിസ്ത്യൻ ജനസംഖ്യയ്ക്ക് ബദലായി ഹിന്ദുക്കൾ വളരുന്നുവെന്ന തെറ്റായ പ്രചാരണങ്ങളും അടങ്ങിയ പോസ്റ്ററുകൾ ഇവർ പ്രദർശിപ്പിച്ചു.

എന്നാൽ ചടങ്ങിൽ പങ്കെടുത്തവരും സംഘാടകരും ചേർന്ന് പ്രതിഷേധക്കാരെ തടയുകയും വേദിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വംശീയ അധിക്ഷേപത്തിനെതിരെ അമേരിക്കൻ ജനപ്രതിനിധികളും ഇന്ത്യൻ-അമേരിക്കൻ സമൂഹവും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഭിന്നത പരത്തുന്ന ഇത്തരം അധിക്ഷേപങ്ങൾ നഗരത്തിലോ രാജ്യത്തോ വെച്ചുപൊറുപ്പിക്കില്ലെന്ന് ഇൻഡോ-അമേരിക്കൻ കോൺഗ്രസ് അംഗം പ്രമീള ജയപാൽ വ്യക്തമാക്കി.

സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രവാസി സംഘടനകൾ എല്ലാ ദീപാവലി ആഘോഷങ്ങളിലും കടുത്ത ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!