കോഴിക്കോട്: സിനിമ-നാടക വേദികളിലൂടെ ശ്രദ്ധേയയായ നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മാങ്കാവിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി വീട്ടിൽ കിടപ്പിലായിരുന്നു.
അഞ്ച് പതിറ്റാണ്ടോളം പ്രൊഫഷണൽ നാടക വേദിയിൽ സജീവമായിരുന്ന സാവിത്രി ശ്രീധരൻ 1961ലാണ് ആദ്യമായി നാടക വേദിയിലെത്തുന്നത്. കെ.ടി. മുഹമ്മദിന്റെ കലിംഗ, കോഴിക്കോട് ചിരന്തന, സംഗമം, സ്റ്റേജ് ഓഫ് ഇന്ത്യ തുടങ്ങിയ നാടക സമിതികളുടെ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
കെ.ടി. മുഹമ്മദിന്റെ നിരവധി നാടകങ്ങളിൽ നായികയായും തിളങ്ങി.1977ലും 1993ലും മികച്ച നടിക്കുള്ള സംസ്ഥാന നാടക പുരസ്കാരം നേടി. സംഗീത നാടക അക്കാദമി പുരസ്കാരവും മികച്ച നാടക നടിക്കുള്ള പുരസ്കാരവും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
എം.ടി. വാസുദേവൻ നായർ രചനയും സംവിധാനവും നിർവഹിച്ച ‘കടവ്’ എന്ന ചിത്രത്തിലൂടെയാണ് സാവിത്രി ശ്രീധരൻ സിനിമയിലെത്തിയത്. വലിയങ്ങാടി, ഡാകിനി, മേരാ നാം ഷാജി, വൈറസ്, ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന, പപ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മയുടെ വേഷമാണ് സിനിമാ ജീവിതത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിലൊന്ന്. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
