വീണ്ടും തെരുവുനായ ആക്രമണം… വ്യാപാരിയടക്കം മൂന്ന് പേർക്ക് കടിയേറ്റു…

പന്തളം : ചാരുംമൂട് ടൗണിൽ തെരുവുനായയുടെ ആക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് കടിയേറ്റു. വ്യാപാരി ഷൗക്കത്ത്, യാത്രക്കാരിയായ വയോധിക, ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്.

ആക്രമണത്തിനിടെ നാട്ടുകാർ അടിച്ചുവീഴ്ത്തിയ നായ പിന്നീട് ചത്തു. ഇന്നലെ രാവിലെ പതിനൊന്നോടെ ചാരുംമൂട് ടൗണിലെ കിഴക്കേ ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. ഷൗക്കത്തിന്റെ കാലിൽ കടിച്ച നായ തുടർന്ന് യാത്രക്കാരിയായ വയോധികയെയും ആക്രമിച്ചു.

പിന്നാലെ തെരുവിലെ ഭക്ഷണ അലമാരയിൽ നിന്ന് ഭക്ഷണപ്പൊതി വാങ്ങാനെത്തിയ വയോധികനെയും നായ കടിക്കുകയായിരുന്നു. സമീപത്തെ കടയിലെത്തിയ യുവതിയെ നായ ആക്രമിക്കാൻ ഒരുങ്ങിയതോടെ അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വയോധികന് നേരെ നായ തിരിഞ്ഞത്. കടിയേറ്റിട്ടും ഇദ്ദേഹം നായയെ പിടിച്ചുനിർത്തി.

തുടർന്ന് ഓടിയെത്തിയ യാത്രക്കാർ വടികൊണ്ട് നായയെ അടിച്ചുവീഴ്ത്തു കയായിരുന്നു. നായയുടെ കടിയേറ്റ മൂന്ന് പേരും നൂറനാട് സാനിട്ടോറിയം ആശുപത്രിയിൽ ചികിത്സ തേടി.

ചാരുംമൂട് ടൗണിൽ തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണം. ടൗണിന് സമീപത്തെ വീട്ടിലെ കുട്ടി ഒരു വർഷം മുൻപ് പേവിഷബാധയേറ്റ് മരിച്ചതിന്റെ നടുക്കം മാറുംമുൻപാണ് പുതിയ സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!