ഇനി ചരിത്ര താളുകളിൽ; ഇറാന്റെ മിസൈൽ ആക്രമണം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി : 2026-ൽ കുവൈറ്റിന് നേരെയുണ്ടായ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിലെ 56, 57 പേജുകളിലായാണ് ഈ സംഭവങ്ങളും രാജ്യത്തുണ്ടായ ആഘാതങ്ങളും വിശദീകരിക്കുന്നത്.

“ഹീനമായ ഇറാനിയൻ അധിനിവേശം” എന്നാണ് ഈ ആക്രമണങ്ങളെ പാഠപുസ്തകത്തിൽ വിശേഷിപ്പിച്ചിരിക്കുന്നത്. വൈദ്യുതി നിലയങ്ങൾ, ജല ശുദ്ധീകരണ ശാലകൾ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം, സോഷ്യൽ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂഷൻ കെട്ടിടം, മന്ത്രാലയ സമുച്ചയങ്ങൾ എന്നിവയ്‌ക്കൊപ്പം ജനവാസ മേഖലകളും ലക്ഷ്യമിട്ടുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങളെക്കുറിച്ച് പുസ്തകത്തിൽ വിശദമായ വിവരണമുണ്ട്.

കുവൈറ്റിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും മേലുള്ള കടുത്ത കടന്നുകയറ്റമായാണ് ഈ ആക്രമണങ്ങളെ പാഠ്യപദ്ധതിയിൽ രേഖപ്പെടുത്തിയിരിക്കു ന്നത്. പ്രതിസന്ധി ഘട്ടത്തിൽ സജ്ജമായിരിക്കാൻ രാജ്യത്തെ സ്ഥാപനങ്ങളെ പ്രാപ്തമാക്കിയതും ഇതിനോടുള്ള കുവൈറ്റിന്റെ പ്രതികരണങ്ങളും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. സ്വന്തം പ്രദേശം സംരക്ഷിക്കാനുള്ള

കുവൈറ്റിന്റെ അവകാശത്തെക്കുറിച്ചും പ്രാദേശിക സുരക്ഷയും സ്ഥിരതയും നിലനിർത്താൻ രാജ്യം നടത്തുന്ന നയതന്ത്ര ശ്രമങ്ങളെക്കുറിച്ചും ഇതിൽ വ്യക്തമാക്കു ന്നുണ്ട്. പ്രതിസന്ധി സമയത്ത് സർക്കാർ സ്ഥാപനങ്ങളെ നയിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് വഹിച്ച നേതൃപരമായ പങ്കിനെക്കുറിച്ചും പാഠഭാഗം എടുത്തുപറയുന്നു.

അമേരിക്കയും ഇസ്രായേലും ഒരുവശത്തും ഇറാൻ മറുവശത്തുമായി നിലനിന്നിരുന്ന സംഘർഷത്തിൽ കുവൈറ്റ് ഒരിക്കലും ഒരു കക്ഷിയായിരുന്നില്ലെന്ന് പാഠ്യപദ്ധതി വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്നും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കണമെന്നുമുള്ള കുവൈറ്റിന്റെ ഉറച്ച നിലപാട് പുസ്തകത്തിൽ ഊന്നിപ്പറയുന്നു.

മറ്റൊരു രാജ്യത്തിനെതിരെ ആക്രമണം നടത്താൻ കുവൈറ്റിന്റെ ഭൂമിയോ ആകാശമോ കടലോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന രാജ്യത്തിന്റെ നയവും ഇതിലൂടെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. ദേശീയ ഐക്യം, ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള ഐക്യദാർഢ്യം എന്നിവയുടെ പ്രാധാന്യവും ഈ പാഠഭാഗം ഓർമ്മിപ്പിക്കുന്നു.

സമാധാനപരമായ ചർച്ചകൾക്കും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുന്നതിനും കുവൈറ്റ് നൽകുന്ന മുൻഗണനയോടെയാണ് അധ്യായം അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!