വഴിപാടായി പഴകിയ അവില്‍ സമര്‍പ്പിക്കരുത്.. ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം

ഗുരുവായൂർ : ശുദ്ധിചടങ്ങുകള്‍ നടക്കുന്നതിനാല്‍ ഇന്നും നാളെയും (ശനി, ഞായര്‍) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം. വെള്ളിയാഴ്ചത്തെ ഉദയാസ്തമനപൂജയുടെ ഭാഗമായി ശനിയാഴ്ചയും (ജൂലൈ 12) ശനിയാഴ്ചത്തെ ഗുരുവായൂരപ്പന്റെ പ്രതിമാസശുദ്ധിയുടെ ഭാഗമായി ഞായറാഴ്ചയും (ജൂലൈ 13 ) വൈകുന്നേരം ശ്രീഭൂതബലി ഉണ്ടാകും. ഈ സമയത്തു ദര്‍ശന നിയന്ത്രണം ഉണ്ടാകും. ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി പഴകിയതും ഉപയോഗശൂന്യവുമായ അവില്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുണമേന്‍മ കുറഞ്ഞതും പഴകിയതുമായ അവില്‍ സമര്‍പ്പിക്കുന്നത് ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ അഭ്യര്‍ത്ഥന. ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാതെ തുണിയിലും കവറിലും പൊതിഞ്ഞ അവിലുകള്‍ സമര്‍പ്പിക്കുന്നത് ഭക്തര്‍ ഒഴിവാക്കണം. ദിനംപ്രതി ചാക്കുകണക്കിന് അവിലാണ് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. പൊതിഞ്ഞാണ് ഭക്തര്‍ വഴിപാടായി അവില്‍ സമര്‍പ്പിക്കുന്നത്. ചിലര്‍ പ്ലാസ്റ്റിക് കവറുകളിലാക്കിയും സമര്‍പ്പിക്കുന്നുണ്ട്. എന്നാല്‍ ഇവയിലേറെയും പഴകി പ്യൂപ്പല്‍ ബാധിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ്. ഉല്‍പ്പാദിച്ച തീയതിയോ ഉപയോഗിക്കാവുന്ന കാലാവധിയോ രേഖപ്പെടുത്തിയിട്ടില്ല. സ്ഥാപനത്തിന്റെ പേരോ അഡ്രസോ കവറില്‍ ഉണ്ടാകാറില്ലെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!