തിരുവനന്തപുരം : ഗതാഗത സെക്രട്ടറി അനുപമയുടെ സ്ഥലംമാറ്റത്തിൽ പ്രതികരണവുമായി മന്ത്രി സി.പി. ജോൺ രംഗത്ത്. അനുപമ ഏറ്റവും നല്ല ഉദ്യോഗസ്ഥയാണെന്നും അവരെ മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇത് തികച്ചും സ്വാഭാവികമായ സ്ഥലംമാറ്റമാണെന്നും, തീരുമാനമെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് മാറ്റിയതെന്ന തരത്തിലുള്ള വാർത്തകൾക്കിടയിലാണ് മന്ത്രിയുടെ ഔദ്യോഗിക പ്രതികരണം.കേന്ദ്ര സർവീസിൽ ഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെയെത്തിയ ഡി. ബാലമുരളിയാണ് ഗതാഗത വകുപ്പിന്റെ പുതിയ സെക്രട്ടറി. ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുകൊണ്ട് ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഉത്തരവിറക്കിയത്.
ടി.വി. അനുപമയ്ക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിയായാണ് പുതിയ നിയമനം. കൂടാതെ ഗതാഗത വകുപ്പിന്റെ (ഏവിയേഷൻ, മെട്രോ, റെയിൽവേ) മുഴുവൻ സമയ അധിക ചുമതലയും ഇവർ വഹിക്കും. ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും, ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും, കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (KTDFC) ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പദവിയും ഡി. ബാലമുരളിയ്ക്ക് നൽകി.
ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗതാഗത കമ്മീഷണർ നാഗരാജുവിനെ മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയുടെയും സ്ഥലംമാറ്റം എന്ന വാർത്തകൾ വന്നത്. എന്നാൽ വകുപ്പിലെ മാറ്റങ്ങൾ തികച്ചും ഭരണപരമായ നടപടികളുടെ ഭാഗമാണെന്നാണ് സർക്കാരിന്റെ വിശദീകരണം.
