കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2026-27 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ ഹോം മത്സരം പ്രതിസന്ധിയിൽ. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അസോസിയേഷൻ വാടക ഇരട്ടിയിലധികം വർധിപ്പിച്ചതാണ് പുതിയ തർക്കത്തിന് കാരണം.
ഒരു മത്സരത്തിന് ഒമ്പത് ലക്ഷം രൂപയാണ് ജിസിഡിഎ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ സൂപ്പർ ലീഗ് കേരളയിലെ ഫോഴ്സ കൊച്ചി ടീമിന് രണ്ട് ലക്ഷം രൂപ മാത്രം വാടക ഈടാക്കുമ്പോഴാണ് ബ്ലാസ്റ്റേഴ്സിനോട് മാത്രം ഈ നിലപാട് എന്നതും ശ്രദ്ധേയമാണ്.
അവസാന സീസണിൽ മൂന്ന് ലക്ഷം രൂപ നൽകിയാണ് ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നത്. ക്ലബിന് പുതിയ ഉടമകൾ വന്നതോടെ ജിസിഡിഎ വാടക ഇരട്ടിയിലധികം കൂട്ടുകയായിരുന്നു.
ഞാറാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം നടക്കാനിരിക്കുന്നത്. എന്നാൽ ജിസിഡിഎ അനുമതി നൽകാത്തത് ടിക്കറ്റ് വിൽപ്പനയെയടക്കം ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. മത്സരം കൊച്ചിയിൽ നടക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. ക്ലബ്ബിന്റെ പുതിയ ഉടമയും മത്സരം കാണാൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
മുൻപ് സമാനമായ പ്രശ്നം ഉയർന്നപ്പോൾ ചർച്ചകളിലൂടെയും സർക്കാർ ഇടപെടലിലൂടെയും പരിഹരിച്ചിരുന്നുവെങ്കിലും, നിലവിലെ ജിസിഡിഎയുടെ കടുത്ത നിലപാട് കാരണം ഈ സീസണോടെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ ഹോം മത്സരങ്ങൾ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇത് വലിയ ആരാധക പിന്തുണയുള്ള കേരള ബ്ലാസ്റ്റേഴ്സിനെയും ഫുട്ബോൾ പ്രേമികളെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
ഇരു വിഭാഗങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും ഒത്തുതീർപ്പിൽ എതുവിധത്തിലുള്ള തീരുമാനമുണ്ടാകുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
