കണ്ണൂർ : ജപ്പാനിൽ ജോലിസ്ഥലത്തുനിന്ന് കാണാതായ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഇരിട്ടി നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബിനയ ദമ്പതികളുടെ മകൾ വി. ദേവിക (22) ആണ് മരിച്ചത്. ജപ്പാനിലെ ഗിഫു സിറ്റിക്ക് സമീപമാണ് ദേവികയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജപ്പാനിലെ ഇഗലൊചൊവൻ സോഷ്യൽ വെൽഫെയർ കോർപറേഷനിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ദേവിക. മൂന്ന് വർഷത്തെ കരാർ അടിസ്ഥാനത്തിലുള്ള ജോലിയിൽ ആറുമാസം മുൻപാണ് യുവതി പ്രവേശിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്ന തുമായി ബന്ധപ്പെട്ട തുടർനടപടികൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഏകോപിപ്പിക്കുന്നുണ്ട്.
ദേവികയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവർ ഇടപെട്ടിരുന്നു.
ജപ്പാനിൽ മലയാളി യുവതിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി; ദേവിക ജോലിയിൽ പ്രവേശിച്ചത് ആറുമാസം മുൻപ്
